
ദില്ലി: കൊവിഡ് നിയന്ത്രണത്തിനായി നിഷ്‍കര്‍ഷിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയതിന് ഇത്തിഹാദ് എയര്‍വേയ്‍സിന് ദില്ലി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രാജ്യത്ത് ഒമിക്രോണ്‍ വൈറസ് വ്യാപനത്തിനെതിരായ ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ചിലത് കമ്പനി പാലിച്ചില്ലെന്ന് തിങ്കളാഴ്‍ച നല്‍കിയ നോട്ടീസില്‍ പറയുന്നു.
അബുദാബിയില്‍ നിന്ന് ഞായറാഴ്‍ചയും തിങ്കളാഴ്‍ചയും ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരുടെ നടപടിക്രമങ്ങളുടെ പേരിലാണ് നോട്ടീസ് നല്‍കിയത്. വിമാന യാത്രക്കാരില്‍ രണ്ട് ശതമാനം പേരെ തെരഞ്ഞെടുത്ത് കൊവിഡ് പരിശോധനയ്‍ക്ക് വിധേയമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് ഇത്തിഹാദ് ലംഘിച്ചതെന്ന് നോട്ടീസില്‍ പറയുന്നു. 24 മണിക്കൂറിനകം ഇത്തിഹാദിന്റെ സ്റ്റേഷന്‍ മാനേജര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് വസന്ത് വിഹാര്‍ സബ്‍ഡിവിഷണ്‍ മജിസ്‍ട്രേറ്റ് നല്‍കിയ നോട്ടീസിലെ ആവശ്യം. മറുപടി നല്‍കിയില്ലെങ്കില്‍ വിശദീകരണമൊന്നും നല്‍കാനില്ലെന്ന് കണക്കാക്കി ദുരന്ത നിവാരണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരുടെ കാര്യത്തില്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയ മറ്റ് മൂന്ന് വിമാനക്കമ്പനികള്‍ക്കും അടുത്തിടെ നോട്ടീസ് നല്‍കിയിരുന്നു. നിലവില്‍ ഹൈ റിസ്‍ക് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം പേരെയാണ് പരിശോധിക്കുന്നത്. അതേസമയം ഹൈ റിസ്‍ക് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നു വരുന്ന എല്ലാവരെയും പരിശോധനയ്‍ക്ക് വിധേയമാക്കുകയും ഫലം വന്നശേഷം നെഗറ്റീവാണെങ്കില്‍ മാത്രം വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കുകയുമാണ് ചെയ്യുന്നത്. ഇവര്‍ക്കും ഏഴ് ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. തുടര്‍ന്ന് ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam