17 വർഷത്തെ അനുരഞ്ജന ശ്രമം, വധശിക്ഷ ഉറപ്പായപ്പോൾ ഗ്രീൻ സിഗ്നൽ; സമാഹരിച്ചത് 47.87 കോടി രൂപ, റഹീം കേസിലെ നാൾവഴികൾ

Published : Nov 17, 2024, 05:51 PM IST
17 വർഷത്തെ അനുരഞ്ജന ശ്രമം, വധശിക്ഷ ഉറപ്പായപ്പോൾ ഗ്രീൻ സിഗ്നൽ; സമാഹരിച്ചത് 47.87 കോടി രൂപ, റഹീം കേസിലെ നാൾവഴികൾ

Synopsis

പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് വിധി പറയല്‍ വീണ്ടും നീട്ടിവെച്ചത്. 

റിയാദ്: ഈ ഡിസംബർ മാസമെത്തുമ്പോൾ റഹീം ജയിലിയായിട്ട് 18 വർഷം പൂർത്തിയാകും. 2006 നവംബറിലാണ് സൗദി ബാല​ന്‍റെ കൊലപാതക കേസിൽ പൊലീസ് അബ്​ദുൽ റഹീമിനെ അറസ്​റ്റ്​ ചെയ്ത് ജയിലിൽ അടക്കുന്നത്. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. മൂന്ന്​ അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചു. 

17 വർഷത്തോളം കൊല്ലപ്പട്ട ബാല​ന്‍റെ കുടുംബവുമായി പല ഘട്ടങ്ങളിലും അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നെങ്കിലും മാപ്പ് നൽകാൻ അവർ തയ്യാറായിരുന്നില്ല. തുടർന്ന് കേസ് നടന്നു. കീഴ്കോടതികൾ രണ്ട് തവണ വധശിക്ഷ ശരിവെച്ച കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിയിലും മാറ്റമുണ്ടായില്ല. വധശിക്ഷ ഉറപ്പായ ഘട്ടത്തിൽ വർഷങ്ങളോളമായി തുടർന്ന അനുരഞ്​ജന ശ്രമത്തിന് പച്ചക്കൊടി കണ്ടു. ഒന്നര കോടി സൗദി റിയാൽ ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് കുടുംബത്തി​െൻറ വക്കീൽ ഇന്ത്യൻ എംബസിയെ അറിയിച്ചതോടെ റിയാദ് റഹീം സഹായ സമിതി പണം സമാഹരിക്കാൻ അരയും തലയും മുറുക്കി ഇറങ്ങി. 

ആദ്യഘട്ടമായി ഇക്കാര്യം മാർച്ച് 20-ന് റിയാദിലെ പൊതുസമൂഹത്തെ അറിയിച്ചു. തുടർന്ന് സഹായ സമിതി പൊതുയോഗം ചേർന്ന് പണം സമാഹരിക്കാൻ ആവശ്യമായ നടപടികൾക്ക് നേതൃത്വം നല്കാൻ തീരുമാനമെടുത്തു. അതിനായുള്ള പ്രാഥമിക നടപടികൾ അടിയന്തിരമായി പൂർത്തിയാക്കി. നാട്ടിൽ അബ്​ദുൽ റഹീമിനെ സഹായിക്കാൻ കോഴിക്കോട്​ ആസ്ഥാനമാക്കി ട്രസ്​റ്റ്​ രൂപവത്​കരിച്ചു. പണം സമാഹരിക്കാൻ മൊബൈൽ ആപ്പും ദിവസങ്ങൾ കൊണ്ട് തയ്യാറായി. 

പണസമാഹരണത്തിനുള്ള എല്ലാ നടപടികളും പൂർത്തിയായപ്പോൾ ലോകമലയാളികളുടെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ട് വരാനുള്ള കാമ്പയിന് തുടക്കമിട്ടു. രാഷ്​ട്രീയ, മത, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ബോചെ ഉൾപ്പടെയുള്ള സെലിബ്രെറ്റികളും വഴി പണസമാഹരണ യജ്ഞത്തിന് തുടക്കമായി. വിഷയത്തി​െൻറ ഗൗരവം മനസിലാക്കി ലോകത്താകമാനുള്ള മലയാളികൾ കൈകോർത്തു. 

ദിവസങ്ങൾ കൊണ്ട് ദിയാധനത്തെക്കാൾ വലിയ തുക മലയാളികൾ അക്കൗണ്ടിലേക്ക് ഒഴുക്കി. 47.87 കോടി രൂപയാണ്​ പിരിഞ്ഞുകിട്ടിയത്​. ഇതിൽനിന്ന്​ ദിയാധനത്തിന്​ ആവശ്യമായ തുക റഹീം സഹായ സമിതി ഇന്ത്യൻ വിദേശകാര്യമന്ത്രലായത്തിന് കൈമാറി. റിയാദിലെ ഇന്ത്യൻ എംബസി വഴി ആ പണം ക്രിമിനൽ കോടതിയുടെ പേരിൽ ചെക്കാക്കി സമർപ്പിച്ചു. റിയാദ്​ ഗവർണറേറ്റിൽ വെച്ച്​ വാദി ഭാഗമായ സൗദി കുടുംബം ഇരുകക്ഷികളുടെയും സാന്നിധ്യത്തിൽ ചെക്ക് ഏറ്റുവാങ്ങി അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു. 

Read Also -  റഹീമിന്‍റെ ഉമ്മയും സഹോദരനും നാട്ടിലേക്ക് മടങ്ങിയത് ഇന്നലെ; വിധി പറയലിനായുള്ള കാത്തിരിപ്പ് ഇനി രണ്ടാഴ്ച കൂടി

ഗവർണറേറ്റ് രേഖകൾ കോടതിയിൽ എത്തിച്ചതോടെ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വധ ശിക്ഷ റദ്ദ് ചെയ്ത ഉത്തരവിറങ്ങി. അന്ന് തന്നെ മോചന ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും പബ്ലിക് റൈറ്റ്സ് അനുസരിച്ചുള്ള കേസ് ഫയലുകൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നതിനാൽ കേസ് പിന്നെയും നീണ്ടു. ഒടുവിൽ ഒക്ടോബർ 21-ന് കോടതി സിറ്റിങ്ങിന് സമയം അനുവദിച്ചു റഹീമി​ന്‍റെ അഭിഭാഷകൻ ഉസാമ അൽ അമ്പറിന് അറിയിപ്പ് നൽകി. എന്നാൽ സിറ്റിങ്​ ആരംഭിച്ച കോടതി ബഞ്ച്​ ഈ കേസ്​ പരിഗണിക്കേണ്ടത്​ വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചായിരിക്കണമെന്ന്​ നിർദേശിച്ച്​ അന്നത്തെ നടപടികൾ അവസാനിപ്പിച്ചു.

കേസ് ഇന്ന് കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. അതേസമയം സിറ്റിങ് പൂർത്തിയായി. വിധി പറയൽ രണ്ടാഴ്ചക്ക് ശേഷമെന്നാണ് ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ