
റിയാദ്: സൗദി അറേബ്യയില്‍ വിദേശികളുടെ ഫാമിലി വിസിറ്റ് മള്‍ട്ടിപ്പിള്‍ വിസ ഓണ്‍ലൈനായി പുതുക്കാന്‍ പ്രയാസം നേരിടുന്നു. നിരവധി പ്രവാസി കുടുംബങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായി. എന്നാല്‍ ഇതിന് പരിഹാരം നിര്‍ദേശിച്ച് സൗദി പാസ്‌പോര്‍ട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് രംഗത്ത് വന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ 'അബ്ഷിര്‍' വഴി വിസാകാലാവധി ദീര്‍ഘിപ്പിക്കാന്‍ പ്രശ്നങ്ങള്‍ നേടിരുന്നവര്‍ക്ക് അതെ പ്ലാറ്റ്‌ഫോമിലെ തന്നെ 'തവാസുല്‍' സേവനം പ്രയോജനപ്പെടുത്താമെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.
ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കാന്‍ പ്രശ്നങ്ങള്‍ നേരിട്ട് തവാസുല്‍ സേവനം വഴി ബന്ധപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ജവാസത്ത് അറിയിച്ചു. അബ്ഷിര്‍ വഴി ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരാതിപ്പെട്ടിരുന്നു. അബ്ഷിര്‍ വഴി പലതവണ ശ്രമിച്ചിട്ടും ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു. വ്യക്തമായ കാരണമില്ലാതെയാണ് വിസ ദീര്‍ഘിപ്പിക്കാന്‍ സാധിക്കാത്തതെന്നും ഇവര്‍ പറഞ്ഞു. ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നേരിടുന്ന പ്രശ്നങ്ങള്‍ വ്യക്തമാക്കി തവാസുല്‍ സേവനം വഴി ജവാസാത്ത് ഡയറക്ടറേറ്റിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടതെന്ന് ജവാസത്ത് പറഞ്ഞു.
അബ്ഷിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്ഫോമിലെ തങ്ങളുടെ അക്കൗണ്ടില്‍ പ്രവേശിച്ച് യഥാക്രമം സര്‍വിസ്, മൈ സര്‍വിസസ്, പാസ്‌പോര്‍ട്‌സ്, തവാസുല്‍ എന്നിവ ക്ലിക്ക് ചെയ്ത ശേഷം ന്യൂ റിക്വസ്റ്റ്, സെക്ടര്‍, സര്‍വിസസ് എന്നിവ തെരഞ്ഞെടുത്താണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. വിസിറ്റ് വിസ ദീര്‍ഘിക്കല്‍ തടസ്സപ്പെടുന്ന നിലക്ക് പ്രശ്നം പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ വിസ വ്യവസ്ഥകള്‍ പാലിക്കണമെന്നും കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam