സൗദി അറേബ്യയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാനാവില്ല

By Web TeamFirst Published Jan 4, 2021, 10:30 AM IST
Highlights

പുതിയ വൈറസ് കണ്ടെത്തിയ രാജ്യങ്ങൾക്കുള്ള അതേ നിബന്ധന തന്നെയാണ് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വരുന്നവർക്കും ബാധകമാക്കിയത്. 

റിയാദ്: സൗദിയിലേക്കുള്ള വിമാന സർവിസുകൾക്ക് നിലനിന്നിരുന്ന താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരും. കൊവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവിസുകൾ കഴിഞ്ഞ സെപ്തംബർ മുതൽ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ നിന്നും നേരിട്ടുള്ള സർവിസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

കൊവിഡ് അനിയന്ത്രിതമായി പടർന്നുപിടിച്ചതുകൊണ്ടായിരുന്നു ഇങ്ങനെയൊരു തീരുമാനം. കൊവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് വീണ്ടും സൗദിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്. താൽക്കാലികമായ വിലക്ക് എടുത്തുകളഞ്ഞെങ്കിലും ഇന്ത്യക്കാർക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുകയാണ്. പുതിയ വൈറസ് കണ്ടെത്തിയ രാജ്യങ്ങൾക്കുള്ള അതേ നിബന്ധന തന്നെയാണ് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വരുന്നവർക്കും ബാധകമാക്കിയത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ മറ്റു രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കുകയും കൊവിഡ് പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കുകയും വേണം. 

click me!