
അബുദാബി: ഞായറാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ് നേടിയ മലയാളിയെ വിവരമറിയിക്കാനാവാതെ അധികൃതര്‍. കേരളത്തില്‍ താമസിക്കുന്ന അബ്‍ദുസലാം എന്‍.വിയാണ് രണ്ട് കോടി ദിര്‍ഹത്തിന്റെ (40 കോടിയാളം ഇന്ത്യന്‍ രൂപ) നറുക്കെടുപ്പില്‍ വിജയിയായത്. എന്നാല്‍ അദ്ദേഹത്തെ വിവരമറിയിക്കാനായി ഫോണ്‍ നമ്പറില്‍ പല തവണ ബിഗ് ടിക്കറ്റ് അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 323601 എന്ന നമ്പറിലുള്ള ടിക്കറ്റ് 2020 ഡിസംബര്‍ 29ന് അദ്ദേഹം ഓണ്‍ലൈനായി വാങ്ങിയതാണ്.
ഫോണ്‍ നമ്പറുകളില്‍ ലഭ്യമാവാത്തതുകൊണ്ട് ഈ കോടീശ്വരനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍. 323601 നമ്പറിലുള്ള ടിക്കറ്റെടുത്ത അബ്‍ദുസലാമിനെ ആര്‍ക്കെങ്കിലും പരിചയമുണ്ടെങ്കില്‍ ബിഗ് ടിക്കറ്റിലൂടെ ഏറ്റവും ഒടുവില്‍ കോടീശ്വരനായ വ്യക്തി അദ്ദേഹമാണെന്ന് അറിയിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. വിജയിയെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ അക്കാര്യം ബിഗ് ടിക്കറ്റ് ഹെല്‍പ് ഡെസ്‍കില്‍ 02 201 9244 എന്ന നമ്പറിലോ അല്ലെങ്കില്‍ help@bigticket.ae എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്നാണ് അധികൃതരുടെ അഭ്യര്‍ത്ഥന.
ടിക്കറ്റെടുത്തപ്പോള്‍ രണ്ട് ഫോണ്‍ നമ്പറുകളാണ് അബ്‍ദുസലാം നല്‍കിയിരുന്നത്. രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ഫോണ്‍ വിളിക്കുമ്പോള്‍ ലഭ്യമാവുന്നില്ല എന്നറിയിച്ചുകൊണ്ട് മലയാളത്തിലുള്ള അറിയിപ്പാണ് ലഭിക്കുന്നത്. ഗ്രാന്റ് പ്രൈസിന് പുറമെ ബി.എം.ഡബ്ല്യൂ സീരിസ് 15 നറുക്കെടുപ്പിലും ഇന്ത്യക്കാരിയാണ് വിജയിയായത്. 018416 നമ്പറിലെ ടിക്കറ്റിലൂടെ ഇന്ത്യക്കാരി ദിന ഡെയ്‍സി ഡിസില്‍വ ബിഗ് ടിക്കറ്റിലൂടെ ആഡംബര കാര്‍ സ്വന്തമാക്കി.
അബ്‍ദുസലാമിന് പുറമെ മറ്റ് രണ്ട് കോടീശ്വരന്മാരെക്കൂടി ഞായറാഴ്‍ചയിലെ നറുക്കെടുപ്പില്‍ തെരഞ്ഞെടുത്തു. ഇന്ത്യക്കാരനായ സഞ്ജു തോമസ് 30 ലക്ഷം ദിര്‍ഹവും (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) പാകിസ്ഥാന്‍ സ്വദേശിയായ ഇജാസ് റാഫി കിയാനി 10 ലക്ഷ ദിര്‍ഹവും സ്വന്തമാക്കി. 223-ാം സീരിസ് ബിഗ് ടിക്കറ്റിലെ ഏറ്റവും പുതിയ വിജയികളുടെ വിവരങ്ങള്‍ ഇങ്ങനെ.
ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പായ ഫന്റാസ്റ്റിക് 15 മില്യനിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ജനുവരി മാസത്തിലുടനീളം ബിഗ് ടിക്കറ്റ് വെബ്‍സൈറ്റിലൂടെ നടക്കുന്ന മത്സരങ്ങളിലും നിരവധി സര്‍പ്രൈസ് സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും, അങ്ങനെ കൂടുതല്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്യും. 1.5 കോടി ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ് നല്‍കുന്ന അടുത്ത നറുക്കെടുപ്പ് 2021 ഫെബ്രുവരി മൂന്നിന് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ