വിസ ഓണ്‍ അറൈവല്‍; ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ നിന്ന് ഹോട്ടല്‍ ബുക്കിങ് പേജ് നീക്കി

By Web TeamFirst Published Apr 7, 2022, 10:17 PM IST
Highlights

കുടുംബാംഗങ്ങളെ ഖത്തറിലേക്ക് കൊണ്ടുവരാനിരിക്കുന്ന പ്രവാസികള്‍ പ്രതീക്ഷയോടെയാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.

ദോഹ: ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ നിന്ന് ബുക്കിങ് പേജ് നീക്കി. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഏപ്രില്‍ 14 മുതല്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ ബുക്കിങ് പേജ് വെബ്‍സൈറ്റില്‍ നിന്ന് ഒഴിവാക്കിയത് പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കാണുന്നത്.

കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ ഖത്തറിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗമായിരുന്നു വിസ ഓണ്‍ അറൈവല്‍. എന്നാല്‍ ഇത്തരത്തില്‍ വിസ അനുവദിക്കുന്നതിന് ഖത്തറില്‍ തങ്ങുന്ന കാലത്തേക്ക് ഉടനീളം താമസിക്കാനുള്ള ഹോട്ടല്‍ ബുക്ക് ചെയ്‍തിരിക്കണമെന്നാണ് പുതിയ നിബന്ധന. മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമായാണ് ഇത് കൊണ്ടുവന്നത്. ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ നിന്നു തന്നെ ഹോട്ടല്‍ ബുക്കിങ് നടത്തി രേഖ സമര്‍പ്പിച്ചെങ്കില്‍ മാത്രമേ ഓണ്‍ അറൈവല്‍ വിസ അനുവദിക്കൂ എന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന അറിയിപ്പിലുള്ളത്.

അതേസമയം വെബ്‍സൈറ്റില്‍ നിന്ന് ഹോട്ടല്‍ ബുക്കിങ് പേജ് സ്ഥിരമായി ഒഴിവാക്കിയതാണോ അതല്ല എന്തെങ്കിലും നവീകരണത്തിനായി താത്കാലികമായി നീക്കം ചെയ്‍തതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനുള്ള സൂചനയായാണ് പ്രവാസികളില്‍ ചിലരും ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങളെ ഖത്തറിലേക്ക് കൊണ്ടുവരാനിരിക്കുന്ന പ്രവാസികള്‍ പ്രതീക്ഷയോടെയാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.

ഇക്കാര്യത്തില്‍ മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം വെബ്‍സൈറ്റില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നുമാണ് ഡിസ്‍കവര്‍ ഖത്തര്‍ ഹെല്‍പ്‍ലൈനില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിച്ചതെന്ന് 'പെനിന്‍സുല ഖത്തര്‍' റിപ്പോര്‍ട്ട് ചെയ്‍തു. ഹോട്ടല്‍ ബുക്കിങ് നിബന്ധന എടുത്തുകളഞ്ഞാല്‍, ഇതിനോടകം ഹോട്ടല്‍ ബുക്ക് ചെയ്‍തവര്‍ക്ക് പണം തിരികെ നല്‍കും. വരം ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷം വെബ്‍സൈറ്റില്‍ അറിയിപ്പ് നല്‍കുമെന്നും ഹെല്‍പ്‍ലൈന്‍ വ്യക്തമാക്കി.

click me!