മദീന ബസപകടം: മരിച്ചവരെ തിരിച്ചറിയാന്‍ ജനിതക പരിശോധന തുടങ്ങി

By Web TeamFirst Published Oct 25, 2019, 6:43 PM IST
Highlights

മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കത്തിയമര്‍ന്ന ബസിലെ യാത്രക്കാരില്‍ 36 പേരും മരണപ്പെട്ടിരുന്നു. റിയാദില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട ബസില്‍ 39 യാത്രക്കാരാണുണ്ടായിരുന്നത്. അതില്‍ 11 പേര്‍ ഇന്ത്യക്കാരായിരുന്നു. ഇവരില്‍ ഒമ്പത് പേരാണ് മരണപ്പെട്ടത്

റിയാദ്: സൗദിയിലെ മദീനയില്‍ ഈ മാസം 16ന് ഉംറ തീര്‍ഥാടകര്‍ക്ക് സംഭവിച്ച ബസപകടത്തില്‍ മരിച്ച മുഴുവനാളുകളുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധന ആരംഭിച്ചു. 36 പേരാണ് അപകടത്തില്‍ മരിച്ചത്. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മരിച്ചവരില്‍ ഒമ്പതുപേര്‍ ഇന്ത്യാക്കാരാണെന്നും അവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ മോയിന്‍ അക്തര്‍ അറിയിച്ചു.

മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കത്തിയമര്‍ന്ന ബസിലെ യാത്രക്കാരില്‍ 36 പേരും മരണപ്പെട്ടിരുന്നു. റിയാദില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട ബസില്‍ 39 യാത്രക്കാരാണുണ്ടായിരുന്നത്. അതില്‍ 11 പേര്‍ ഇന്ത്യക്കാരായിരുന്നു. ഇവരില്‍ ഒമ്പത് പേരാണ് മരണപ്പെട്ടത്. ബിഹാര്‍ മുസാഫര്‍പൂരിലെ ബാരുരാജ് മഹ്മദ സ്വദേശി അഷ്റഫ് ആലം, പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് സ്വദേശി മുഹമ്മദ് മുഖ്താര്‍ അലി ഗാസി, ഉത്തര്‍പ്രദേശുകാരായ ത്സാന്‍സി ദാദിയ പുര സ്വദേശി ഫിറോസ് അലി, ബാര്‍ലി ചാന്ദ് സ്വദേശി അഫ്താബ് അലി, നൗഷാദ് അലി, നൗഷാദ് അഹമ്മദ്, സീഷാന്‍ ഖാന്‍, അസംഖഢ് സ്വദേശി ബിലാല്‍, ജമ്മുകാശ്മീര്‍ സ്വദേശി ഗുല്‍ഫറാസ് അഹമ്മദ് എന്നിവരാണ് മരിച്ച ഇന്ത്യാക്കാര്‍.

ഇതില്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് സ്വദേശി മുഹമ്മദ് മുഖ്താര്‍ അലി ഗാസി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദ് മുറബ്ബ ശാഖയിലെ ജീവനക്കാരനാണ്. മഹാരാഷ്ട്ര സ്വദേശികളായ മാതിന്‍ ഗുലാം വാലി, ഭാര്യ സിബ നിസാം ബീഗം ദമ്പതികളാണ് രക്ഷപ്പെട്ട യാത്രക്കാര്‍. ഇവര്‍ പൊള്ളലേറ്റ് മദീന കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

റിയാദിലെ ഒരു സ്വകാര്യ ഉംറ ഗ്രൂപ്പിന് കീഴി പുറപ്പെട്ട ഇവര്‍ മദീനയിലത്തെി അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചതായിരുന്നു. വൈകീട്ട് ഏഴോടെ മദീനയില്‍ നിന്ന് 170 കിലോമീറ്ററകലെ ഹിജ്റ റോഡില്‍ വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടച്ച ബസില്‍ തീയാളിപ്പടരുകയായിരുന്നു.

click me!