ചികിത്സയ്ക്കിടെ യുവതിയെ ശല്യം ചെയ്‍തു; ബഹ്റൈനില്‍ ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ

By Web TeamFirst Published Sep 25, 2020, 10:42 AM IST
Highlights

ഡോക്ടര്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയിലും പിന്നീട് പരമോന്നത കോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും രണ്ട് കോടതികളും ഇത് തള്ളുകയായിരുന്നു. ഡോക്ടറുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് പരമോന്നത കോടതി വിധിച്ചു. 

മനാമ: ചികിത്സയ്ക്കിടെ യുവതിയെ ശല്യം ചെയ്‍ത കുറ്റത്തിന് ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 21ന് നടന്ന സംഭവത്തില്‍ ശിക്ഷാ വിധിക്കെതിരെ ഡോക്ടര്‍ നല്‍കിയ അപ്പീല്‍ പരാജയപ്പെട്ടു. ഡോക്ടര്‍ അപമര്യാദയായി സ്‍പര്‍ശിച്ചെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ലോവര്‍ ക്രിമനല്‍ കോടതി, ഡോക്ടര്‍ക്ക് 12 മാസത്തെ ജയില്‍ ശിക്ഷയാണ് കഴിഞ്ഞ ഡിസംബര്‍ 31ന് വിധിച്ചത്. ഇതിനെതിരെ ഡോക്ടര്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയിലും പിന്നീട് പരമോന്നത കോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും രണ്ട് കോടതികളും ഇത് തള്ളുകയായിരുന്നു. ഡോക്ടറുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് പരമോന്നത കോടതി വിധിച്ചു. 

യുവതിയുടെ നെഞ്ചില്‍ നാല് തവണയും കഴുത്തിലും അപമര്യാദയായി സ്‍പര്‍ശിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പരിഭ്രാന്തയായ യുവതി ആശുപത്രിയില്‍ നിന്നിറങ്ങി നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കേസില്‍ ഡോക്ടര്‍ക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി വിധിയില്‍ പറയുന്നു.

click me!