
കുവൈത്ത് സിറ്റി: പൊതു ഫണ്ട് വെട്ടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കുവൈത്തിലെ ഒരു സ്വദേശി ഡോക്ടർക്ക് അഞ്ച് വർഷം തടവും 345,000 കുവൈത്തി ദിനാർ പിഴയും വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. അഞ്ച് വർഷത്തോളം ജോലിക്ക് ഹാജരാകാതിരുന്നിട്ടും 115,000 ദിനാറിലധികം ശമ്പളം തട്ടിപ്പിലൂടെ നേടിയതായി കണ്ടെത്തിയതിനെ തുടർന്ന് കോടതി ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഉത്തരവിട്ടു.
ഡോക്ടർ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മുഴുവൻ കാലയളവിലും രാജ്യത്തിന് പുറത്താണ് താമസിച്ചിരുന്നത്. എന്നാല്‍ മന്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനുമായി ഒത്തുകളിച്ച് ഇയാൾക്ക് മുഴുവൻ ശമ്പളവും ലഭിച്ചു. എന്നാൽ, പ്രതി ജോലി ചെയ്തിരുന്ന വകുപ്പിന്റെ തലവനെ കോടതി വെറുതെ വിട്ടു. ദീർഘകാലത്തെ ഹാജരാകാത്തതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ അനാസ്ഥ കാണിച്ചു, ഇത് ആരോഗ്യ മന്ത്രാലയത്തിന് കാര്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമായെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. എന്നാല്‍, കുറ്റക്കാരനായി കണക്കാക്കാൻ മതിയായ തെളിവുകളില്ലെന്നാണ് കോടതി വിധിച്ചത്.
അതേസമയം അടുത്തിടെ സമാനമായ മറ്റൊരു സംഭവവും കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2004ൽ ജോലി രാജിവെച്ച് 2005ൽ കുവൈത്ത് വിട്ട ഒരു പ്രവാസി അറബി ഭാഷാ അധ്യാപികയ്ക്ക് മന്ത്രാലയത്തിന്റെ നോട്ടപ്പിശകുകൊണ്ട് ഏകദേശം 20 വർഷത്തോളം പ്രതിമാസ ശമ്പളം തുടർച്ചായി ലഭിച്ചിരുന്നു. ആകെ 1,05,331കുവൈത്ത് ദിനാറാണ് അവരുടെ അക്കൗണ്ടിൽ എത്തിയത്. 2004 ഓഗസ്റ്റ് 24ന് നിയമിതയായ അധ്യാപിക 2004-05 അധ്യയന വർഷത്തിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു, എന്നാൽ 2005 ജൂൺ 14ന് അവർ കുവൈത്ത് വിടുകയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സംയോജിത സംവിധാനങ്ങളിൽ അവരുടെ പേര് സജീവമായി തുടരുകയും ചെയ്തു, അതിന്റെ ഫലമായി 2024 മെയ് 24 വരെ തുടർച്ചയായി ശമ്പളം അവരുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു.
2024 ഫെബ്രുവരി 11ന് ഫിംഗർപ്രിന്റ് ഹാജർ സംവിധാനം നടപ്പിലാക്കിയതിനു ശേഷമാണ് ഈ പിശക് പുറത്തുവന്നത്. അധ്യാപിക ഇപ്പോഴും ഔദ്യോഗികമായി ശമ്പളപ്പട്ടികയിലുണ്ടെന്ന് പുതിയ ഫിംഗർ ഹാജർ സംവിധാനത്തിൽ കണ്ടെത്തി. ഇതോടെ അഡ്മിനിസ്ട്രേറ്റീവ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് ഇവർക്ക് ശമ്പളം താൽക്കാലികമായി നിർത്തിവയ്ക്കുകയും ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുകയുമായിരുന്നു.
ബാങ്കിൽ നടത്തിയ പരിശോധനയിൽ, അധ്യാപികയുടെ അക്കൗണ്ടിൽ മുഴുവൻ തുകയും ഉള്ളതായി കണ്ടെത്തി. അവർ പോയതിനുശേഷം ഫണ്ടുകളൊന്നും ആക്‌സസ് ചെയ്യുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല. ഇതോടെ സംഭവത്തിൽ ക്രിമിനൽ ഉദ്ദേശ്യമില്ലെന്ന് തെളിയുകയായിരുന്നു. സെൻട്രൽ ബാങ്ക് അതിനുശേഷം മുഴുവൻ തുകയും തിരിച്ചുപിടിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന് തിരികെ നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ