
ദുബൈ: ഒളിമ്പിക് മെഡല്‍ നേട്ടത്തിലൂടെ മലയാളികള്‍ക്ക് അഭിമാനമായ പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ചരിത്ര മെഡല്‍ നേട്ടത്തിന് ശേഷം ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചത് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലാണ്. ഹോക്കി ടീമിന്റെ അഭിമാനവിജയത്തിന് ശ്രീജേഷ് വഹിച്ച നിര്‍ണ്ണായക പങ്കിനുള്ള സമ്മാനമാണിതെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു.
ടോക്യോയില്‍ ജര്‍മ്മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിനും, ഹോക്കിയിലെ സമര്‍പ്പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികം. ഒളിമ്പിക് മെഡല്‍ നേട്ടത്തില്‍ ഇന്ത്യയുടെ കോട്ടകാത്ത ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ബിസിസിഐ അടക്കമുള്ള കായിക സമിതികള്‍ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഡോ ഷംഷീര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്യോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ദുബായില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഡോ. ഷംഷീര്‍ സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനമര്‍പ്പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോക്കിയിലെ പുതു തലമുറയ്ക്കും വരും തലമുറകള്‍ക്കും പ്രചോദനമാകുമെന്നു പ്രതീക്ഷ പങ്കുവച്ചു.
'മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്. ഒരു മലയാളിയെന്ന നിലയില്‍ ഈ നേട്ടത്തില്‍ എനിക്കും അഭിമാനമുണ്ട്'- ഡോ. ഷംസീര്‍ പറഞ്ഞു. ഹോക്കിയില്‍ രാജ്യത്തിനുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്റെയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീ യുവാക്കളെ തുടര്‍ന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മലയാളിയില്‍ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണെന്നായിരുന്നു സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ടോക്യോയില്‍ നിന്ന് പങ്കുവച്ച ശബ്ദസന്ദേശത്തില്‍ ശ്രീജേഷിന്റെ പ്രതികരണം. 'ഡോ. ഷംഷീറിന്റെ ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സര്‍പ്രൈസാണ്. കാരണം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നല്‍കുന്നുവെന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്,' ശ്രീജേഷ് പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് ശ്രീജേഷ് ഹോക്കിയില്‍ തന്റേതായ ഇടം നേടിയത്. 2000ല്‍ ജൂനിയര്‍ നാഷണല്‍ ഹോക്കി ടീമിലെത്തിയ ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തന്റെ വഴി കണ്ടെത്തി. പത്മശ്രീ പുരസ്‌കാര ജേതാവായ ശ്രീജേഷ് 2016 ല്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിമ്പിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചു. കളിക്കളത്തിലെ പെട്ടെന്നുള്ള ഇടപെടലുകളും സ്ഥിരതയാര്‍ന്ന പ്രകടനവും ടീമിന്റെ കോട്ടകാക്കുന്ന വിശ്വസ്തനാക്കി ശ്രീജേഷിനെ മാറ്റി. ടോക്ക്യോയില്‍ ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയം നിശ്ചയിച്ച നിര്‍ണായ സേവുകളാണ് ശ്രീജേഷ് നടത്തിയത്. അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ പ്രതിനിധികള്‍ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടിരൂപ പാരിതോഷികം കൈമാറും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ