ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി, വിമാനത്തിനകത്ത് യാത്രക്കാര്‍ കാത്തിരുന്നത് ഒരു മണിക്കൂർ

Published : May 17, 2025, 10:46 PM ISTUpdated : May 17, 2025, 10:47 PM IST
ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി, വിമാനത്തിനകത്ത് യാത്രക്കാര്‍ കാത്തിരുന്നത് ഒരു മണിക്കൂർ

Synopsis

വെള്ളിയാഴ്ച ദോഹയിൽ നിന്നും പുറപ്പെടാനിരുന്ന വിമാനമാണ് ബോർഡിങ് കഴിഞ്ഞ് റദ്ദാക്കിയത്  

ദോഹ: ഖത്തറിൽ നിന്നും വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ. വെള്ളിയാഴ്ച രാവിലെ 11.50ന് ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 376 വിമാനമാണ് പുറപ്പെടാനിരിക്കെ റദ്ദാക്കിയത്. 

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ചെക്ക് ഇൻ ചെയ്ത് ബോർഡിങും കഴിഞ്ഞ് വിമാനത്തിൽ കയറിയ ശേഷമായിരുന്നു സാ​ങ്കേതിക തകരാർ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. ഒരു മണിക്കൂറോളം വിമാനത്തിലിരുന്ന ശേഷം, മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. ഒന്നര മണിക്കൂറിനുള്ളിൽ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും വൈകുന്നേരമായതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. സാ​ങ്കേതിക തകരാർ പരിഹരിച്ച് വിമാനത്തിന് പുറപ്പെടാൻ കഴിയാതായതോടെ വെള്ളിയാഴ്ചത്തെ സർവീസ് റദ്ദാക്കുകയായിരുന്നു. 

യാത്ര മുടങ്ങിയതോടെ ഗർഭിണികളും, പ്രായമായവരും കുട്ടികളും ഉൾപ്പെടെ നൂറിലേറെ പേരാണ് പെരുവഴിയിലായത്. ഇവരിൽ കുറച്ചുപേർക്ക് വെള്ളിയാഴ്ച രാത്രിയിലെ കണ്ണൂർ വിമാനത്തിലും, ​ശനിയാഴ്ചത്തെ കോഴിക്കോട്, കണ്ണൂർ വിമാനത്തിലും ടിക്കറ്റ് നൽകി യാത്രാ സൗകര്യം ഒരുക്കി. എന്നാൽ, കൂടുതൽ പേരും എന്ന് യാത്ര സാധ്യമാവു​മെന്നറിയാതെ ശനിയാഴ്ച വൈകിയും ഹോട്ടലുകളിൽ തന്നെ കുടുങ്ങി കിടക്കുകയാണ്. ചെക്ക് ഇൻ ചെയ്ത് ലഗേജുകളെല്ലാം നൽകിയ ശേഷം യാത്ര മുടങ്ങിയതിനാൽ ഏറെ പേരും മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ പോലും കൈയിലില്ലാതെയാണ് ഹോട്ടലിൽ കഴിയുന്നത്. യാത്രമുടങ്ങിയവരെ മറ്റു ഷെഡ്യൂളുകളിലായി ടിക്കറ്റ് നൽകി നാട്ടിലെത്തിക്കാനാണ് ഇപ്പോൾ വിമാനത്താവള അധികൃതരുടെ ശ്രമം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ