യുദ്ധം ആഗ്രഹിക്കുന്നില്ല; എന്നാല്‍ ഭീഷണികളെ നേരിടുമെന്ന് സൗദി കിരീടാവകാശി

By Web TeamFirst Published Jun 16, 2019, 4:42 PM IST
Highlights

മേഖലയില്‍ ഒരു യുദ്ധം സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ജനങ്ങള്‍ക്കും പരമാധികാരത്തിനും നേര ഉയരുന്ന ഭീഷണികള്‍ നേരിടാന്‍ മടിക്കില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

റിയാദ്: ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആരോപിച്ചു. രാജ്യത്തിന് നേരെയുള്ള ഭീഷണികളെ  അമര്‍ച്ച ചെയ്യാന്‍ തങ്ങള്‍ ഒട്ടും അമാന്തിക്കില്ലെന്നും ഞായറാഴ്ച പുറത്തിറങ്ങിയ ഒരു അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നു.

അറബ് ദിനപത്രമായ അഷ്റഖ് അല്‍ അവ്സാത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെഹ്റാനില്‍ അതിഥിയായെത്തിയ ജപ്പാന്‍ പ്രധാനമന്ത്രിയോട് പോലും ഇറാന്‍ ആദരവ് കാണിക്കുന്നില്ല. ജപ്പാനിന്റേതുള്‍പ്പെടെ രണ്ട് കപ്പലുകള്‍ ആക്രമിച്ചാണ് അദ്ദേഹത്തിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്ക്  ഇറാന്‍ മറുപടി നല്‍കിയത്. മേഖലയില്‍ ഒരു യുദ്ധം സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ജനങ്ങള്‍ക്കും പരമാധികാരത്തിനും നേര ഉയരുന്ന ഭീഷണികള്‍ നേരിടാന്‍ മടിക്കില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

അടുത്തകാലത്തായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഉറച്ച നിലപാട് വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ അമേരിക്കയുമായുള്ള ബന്ധം പ്രധാനമാണെന്നും അഭിമുഖത്തില്‍ പറയുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വന്‍ വില വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

click me!