ഡോ. ഡാനിഷ് സലീമിന് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

By Afsal EFirst Published Jun 27, 2021, 12:52 PM IST
Highlights

വിശിഷ്ട വ്യക്തികൾക്കും പ്രഫഷണലുകൾക്കും വ്യവസായ പ്രമുഖർക്കും മറ്റും പ്രത്യേക പരിഗണനകളോടെ പത്ത് വര്‍ഷത്തേക്ക് യു.എ.ഇ നൽകുന്നതാണ് ഗോൾഡൻ വിസ. 

അബുദാബി: അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീമിന് യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചു. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം നേരത്ത എട്ട് വര്‍ഷത്തോളമായി പി.ആര്‍.സ് ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമായിരുന്നു.

വിശിഷ്ട വ്യക്തികൾക്കും പ്രഫഷണലുകൾക്കും വ്യവസായ പ്രമുഖർക്കും മറ്റും പ്രത്യേക പരിഗണനകളോടെ പത്ത് വര്‍ഷത്തേക്ക് യു.എ.ഇ നൽകുന്നതാണ് ഗോൾഡൻ വിസ. എമര്‍ജന്‍സി മെഡിസിനില്‍ പത്ത് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുള്ള ഡോ. ഡാനിഷ് സലീം, വാഹനാപകടങ്ങളെക്കുറിച്ച് യഥാസമയം അറിയിപ്പ് നല്‍കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് സംസ്ഥാനത്ത് രൂപം നല്‍കിയിരുന്നു. കേരളത്തിലെ ആദ്യത്തെ ബൈക്ക് ആംബുലന്‍സ് പ്രൊജക്ട്, എമര്‍ജന്‍സി മാനേജ്‍മെന്റിനുള്ള ജമ്പ് കിറ്റുകള്‍, സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആംബുലന്‍സുകളെ അണിനിരത്തുന്ന ഒറ്റ പ്ലാറ്റ്ഫോം തുടങ്ങിയവയുടെ പിന്നിലും ഡോ. ഡാനിഷ് സലീമായിരുന്നു. അപകടം സംഭവിക്കുന്നവര്‍ക്ക് നല്‍കേണ്ട അടിയന്തര പരിചരണം സംബന്ധിച്ച് സാധാരണ ജനങ്ങളില്‍ അവബോധം സൃഷ്‍ടിക്കാന്‍ ലക്ഷ്യമിട്ട് രണ്ടായിരത്തിലധികം പരിശീലന പരിപാടികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് കേരളത്തില്‍ സംഘടിപ്പിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള ബെസ്റ്റ് ഇന്നൊവേറ്റര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ അവാര്‍ഡ് (2017), യങ് അച്ചീവര്‍ അവാര്‍ഡ്, ബെസ്റ്റ് എമര്‍ജന്‍സി ഫിസിഷ്യന്‍ കേരള അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്‍കാരങ്ങളും നേടിയിട്ടുണ്ട്. ബുര്‍ജീല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. റൈസ  ഷുക്കൂര്‍ ഭാര്യയാണ്.  മകള്‍ - ദുഅ ഡാനിഷ്.

click me!