യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ് ജയശങ്കർ; ഉഭയകക്ഷി, ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു

Published : Oct 16, 2026, 01:19 PM IST
Dr. Jaishankar meets UAE Deputy PM Al-Nahyan

Synopsis

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ യുഎഇ സന്ദർശനത്തിനിടെ ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. യുഎഇ വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചകൾക്ക് പുറമെ അബുദാബിയിൽ നടന്ന റെയ്‌സിന ഡയലോഗിലും അദ്ദേഹം പങ്കെടുത്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സന്ദർശനത്തിൽ ജോർജിയൻ വിദേശകാര്യമന്ത്രിയുമായും അദ്ദേഹം ചർച്ചകൾ നടത്തി.

അബുദാബി: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ-നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഉഭയകക്ഷി, ആഗോള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

‘യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ-നഹ്യാനുമായി ഊഷ്മളവും ഫലപ്രദവുമായ കൂടിക്കാഴ്ച നടന്നു. നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ അടിസ്ഥാനത്തിൽ ഉഭയകക്ഷി, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ചു’- കൂടിക്കാഴ്ചയ്ക്ക് ശേഷം എസ്. ജയ്ശങ്കർ എക്‌സിൽ കുറിച്ചു.

അബുദാബിയിൽ നടന്ന ‘റെയ്‌സിന ഡയലോഗി’ന്‍റെ മിഡിൽ ഈസ്റ്റ് സെഷനിലും ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ-നഹ്യാനൊപ്പം ജയ്ശങ്കർ പങ്കെടുത്തു. 'ദി വേൾഡ് എഹെഡ്: പവർ, പർപ്പസ് & പോസിബിലിറ്റി' എന്ന പ്രമേയത്തിലായിരുന്നു ചർച്ച. ആഗോള വ്യവസ്ഥിതിയിൽ ദ്രുതഗതിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ചയിൽ ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ‘ആഗോള ക്രമത്തിലെ മാറ്റത്തിന്‍റെ വേഗത തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഇത് ദീർഘകാല പ്രവണതകളെയും അടിയന്തിരമായ തിരിച്ചടികളെയും പ്രതിഫലിപ്പിക്കുന്നു’- അദ്ദേഹം പറഞ്ഞു. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് രാജ്യങ്ങൾ പുതിയ പങ്കാളിത്തങ്ങളും ബദലുകളും തിരയുകയാണെന്നും, പരമ്പരാഗത മേഖലകൾക്കപ്പുറത്തേക്ക് ചിന്തിച്ച് തന്ത്രപരമായ അവബോധം വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹുരാഷ്ട്ര സംഘടനകളുടെയും സംവിധാനങ്ങളുടെയും നവീകരണം അടിയന്തിരമായി നടപ്പിലാക്കണമെന്നും, ചെറിയ കൂട്ടായ്മകൾക്ക് ഈ പ്രക്രിയയെ പിന്തുണയ്ക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യ-യുഎഇ പങ്കാളിത്തം മാറുന്ന ആഗോള അന്തരീക്ഷത്തോട് ഇരു രാജ്യങ്ങളും എങ്ങനെ പോസിറ്റീവായി പ്രതികരിക്കുന്നു എന്നതിന്‍റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ജോർജിയൻ വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച

യുഎഇ സന്ദർശനത്തിനിടെ ജോർജിയൻ വിദേശകാര്യമന്ത്രി മാക ബോച്ചോറിഷ്വിലിയുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. വ്യാപാരം, ടൂറിസം, വിദ്യാഭ്യാസം, കണക്റ്റിവിറ്റി, സാംസ്കാരിക സഹകരണം, പ്രാദേശിക വിഷയങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി (ഒക്ടോബർ 14-16) അബുദാബിയിലെത്തിയ ജയ്ശങ്കറിനെ യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്‍റിന് കർശന നിയമങ്ങൾ; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം
മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കയറി കളിത്തോക്കും പെട്രോളും കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; വിദേശിക്ക് അഞ്ച് വർഷം കഠിനതടവും നാടുകടത്തലും