ഒമാനിലെ ദീർഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീർ വയലിൽ

By Web TeamFirst Published Sep 29, 2021, 2:46 PM IST
Highlights

മസ്‌കത്തിൽ നടന്ന ചടങ്ങിൽ ഡോ. ഷംഷീർ അടക്കം 22 നിക്ഷേപകർ ദീർഘകാല റസിഡൻസി കാർഡ് ഏറ്റുവാങ്ങി 

മസ്‍കത്ത്: നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ (Oman) തുടക്കമിട്ട ദീർഘകാല താമസവിസാ പദ്ധതിയുടെ (Long-term Visa) ഭാഗമായി ആദ്യമായി റസിഡൻസി കാർഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംഷീർ വയലിൽ (Dr. Shamsheer Vayalil). ഒമാൻ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫിൽ  നിന്ന് ഡോ. ഷംഷീർ റെസിഡൻസി കാർഡ് സ്വീകരിച്ചു. 

മസ്‍കത്തിൽ നടന്ന ചടങ്ങിലാണ് ദീർഘകാല വിസ പദ്ധതിക്ക് തുടക്കമിട്ട് ഒമാൻ സർക്കാർ 22 നിക്ഷേപകർക്ക് റസിഡൻസി കാർഡ് കൈമാറിയത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളിലൊന്നായ വിപിഎസ് ഹെൽത്ത്‌കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീർ വയലിൽ. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്‌കെയറിന്  ഒമാനിലും ആശുപത്രികളുടെ ശൃംഖലയുണ്ട്. ഇതിൽ പ്രമുഖ ആരോഗ്യകേന്ദ്രമാണ്. മസ്‍കത്തിലെ ബുർജീൽ ആശുപത്രി. മഹാമാരിക്കാലത്തടക്കം ഒമാൻ സർക്കാരുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ ഗ്രൂപ്പ് നടത്തിയിരുന്നു. 

ഒമാൻ സർക്കാരിൻറെ ദീർഘകാല താമസവിസ പദ്ധതിയിൽ തുടക്കത്തിൽ തന്നെ ഭാഗമാകാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. ദീർഘവീക്ഷണത്തോടെ ഒമാൻ ഭരണാധികാരികൾ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വ്യാവസായിക മേഖലയുടെ അഭിവൃദ്ധിക്കും സാങ്കേതിക വളർച്ചയ്ക്കും ഗുണകരമാകും. വിവിധ മേഖലകളിലെ പ്രതിഭകളെ ആകർഷിക്കാനും അവരുടെ സേവനവും വൈദഗ്ദ്യവും രാജ്യത്തിനായി ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കും. റസിഡൻസി കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിൽ ഒരാളാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും ഒമാൻ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 

പത്തു വർഷം കാലാവധിയുള്ള  താമസ വിസയാണ് ഡോ. ഷംഷീറിന്‌ ലഭിച്ചത്. യുഎഇയിലെ ഗോൾഡൻ വിസ പദ്ധതിക്ക് സമാനമായാണ്  ഒമാൻ നിക്ഷേപകരെ ആകർഷിക്കാനുള്ള ദീർഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്. 2019 ജൂണിൽ ഡോ. ഷംഷീറിന്‌ യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഡോ. ഷംഷീറിനൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖരാണ് ആദ്യദിനം ദീർഘകാല റസിഡൻസി കാർഡ് ഏറ്റുവാങ്ങിയത്. 

click me!