യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; ഏജന്റുമാരായി പ്രവര്‍ത്തിച്ച രണ്ട് പ്രവാസി വനിതകള്‍ക്ക് ശിക്ഷ

By Web TeamFirst Published Sep 29, 2021, 2:30 PM IST
Highlights

പെണ്‍വാണിഭ  സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട 32 വയസുകാരി ഒരു ടാക്സിയില്‍ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്. 

മനാമ: മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പിടിയിലായ രണ്ട് പ്രവാസികള്‍ക്ക് ബഹ്റൈനില്‍ (Bahrain) 10 വര്‍ഷം വീതം ജയില്‍ ശിക്ഷ. 26ഉം 30ഉം വയസുള്ള പ്രതികള്‍ തങ്ങളുടെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന മറ്റൊരു യുവതിയെ തടങ്കലില്‍ വെയ്‍ക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്‍തതായി കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി (Bahrain High criminal court) പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.

പെണ്‍വാണിഭ  സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട 32 വയസുകാരി ഒരു ടാക്സിയില്‍ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയതോടെയാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

തായ്‍ലന്റ് സ്വദേശിയായ യുവതിക്ക് കൊവിഡ് പ്രതിസന്ധി കാരണം നാട്ടില്‍ ജോലി നഷ്‍ടമായിരുന്നു. ഈ സമയത്താണ് പ്രതികളിലൊരാള്‍ ബഹ്റൈനില്‍ മസാജ് സെന്ററിലേക്ക് ജോലിക്ക് ആളെ ക്ഷണിച്ച് സോഷ്യല്‍ മീഡിയ വഴി പരസ്യം കൊടുത്തത്. ഇത് കണ്ട് പ്രതികളുമായി ബന്ധപ്പെട്ട യുവതിയെ ജോലി വാഗ്ദാനം ചെയ്‍ത് ബഹ്റൈനിലേക്ക് കൊണ്ടുവന്നു. 

ഇവിടെ എത്തിയതോടെ യുവതിയെ തടങ്കലില്‍ വെയ്‍ക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയുമായിരുന്നു. പ്രതികള്‍ക്ക് പണം നല്‍കി നിരവധി പുരുഷന്മാര്‍ തന്നെ ബലാത്സംഗം ചെയ്‍തതായി യുവതി മൊഴി നല്‍കി. പ്രതികള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷയ്‍ക്ക് പുറമെ 5000 ദിനാര്‍ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും നാടുകടത്തും. 

click me!