Latest Videos

ദുബായ് ബസ് അപകടം; കാരണമായത് തന്റെ പിഴവെന്ന് സമ്മതിച്ച് ഡ്രൈവര്‍

By Web TeamFirst Published Jul 2, 2019, 7:13 PM IST
Highlights

തന്റെ തെറ്റായ പ്രവൃത്തി അപകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് 53കാരനായ ഒമാനി പൗരന്‍ സമ്മതിച്ചതായി ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍  തലവനാണ് അറിയിച്ചത്. ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 

ദുബായ്: കഴിഞ്ഞ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവര്‍ സമ്മതിച്ചു. തന്റെ തെറ്റായ പ്രവൃത്തി അപകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് 53കാരനായ ഒമാനി പൗരന്‍ സമ്മതിച്ചതായി ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍  തലവനാണ് അറിയിച്ചത്. ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 

അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 34 ലക്ഷം ദിര്‍ഹം  (ഏകദേശം 6.4 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമുണ്ട്. മരണപ്പെട്ടവരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. കേസ് ജൂലൈ ഒന്‍പതിലേക്ക് കോടതി മാറ്റിവെച്ചിരിക്കുകയാണ്.

ഒമാനിൽ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.  പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരും.

ബസ് ഓടിച്ചിരുന്ന 53കാരനായ ഒമാനി പൗരനെതിരായ കേസ് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ട്രാഫിക് കോടതിക്ക് കൈമാറിയത്.  17 പേരുടെ മരണത്തിനും 13 പേരുടെ പരിക്കുകള്‍ക്കും കാരണമായ അപകടമുണ്ടാക്കിയതിനുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കണമെന്നും നഷ്ടപരിഹാരവും ബ്ലഡ് മണിയും നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ഏഴ് വര്‍ഷം തടവ് ശിക്ഷക്ക് പുറമെ പിഴയും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും നല്‍കണമെന്നാണ് ആവശ്യം.

click me!