കുവൈത്തിൽ കണ്ടെത്തിയ മിസൈലുകളും ഡ്രോണുകളും തടയാൻ സൈന്യം നിലവിൽ പ്രതിരോധ നടപടികൾ തുടരുന്നതായി സായുധസേന. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഭീഷണികളെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും ജനറൽ സ്റ്റാഫ് അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ആകാശപരിധിയിൽ കണ്ടെത്തിയ മിസൈലുകളും ഡ്രോണുകളും തടയാൻ സൈന്യം നിലവിൽ പ്രതിരോധ നടപടികൾ തുടരുന്നതായി കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി മിസൈലുകളും ഡ്രോണുകളും തടയുന്നതിനും നശിപ്പിക്കുന്നതിനുമായി സൈന്യം സജീവമായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഭീഷണികളെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണം

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡ്രോൺ ആക്രമണം തടയാൻ ജനങ്ങളുടെ സഹകരണം തേടി ഒമാൻ ഭരണകൂടം. ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രവാസികളോടും പൗരന്മാരോടുമാണ് അറിയിപ്പ്. രാജ്യത്തേക്ക് വരുന്ന ഡ്രോണുകൾ കണ്ടാൽ വിവരം നൽകണം. രാജ്യത്തിന് നേരെയുള്ള ആക്രമണം ഒരുമിച്ച് നേരിടുന്നതിന്റെ ഭാ​ഗമായാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, ദേശീയ ആകാശപരിധിയിൽ സുരക്ഷാ ജാഗ്രത ഒമാൻ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഡ്രോണുകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളുടെയും അനുമതികൾ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുറത്തിറക്കിയ സർക്കുലറിലാണ് തീരുമാനം. സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ ഡ്രോണുകളുടെയും പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ നിർത്തിവെക്കുകയാണ്. കൂടാതെ പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ, എയർ സ്പോർട്സ് എയർക്രാഫ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള വായുമാർഗ കായിക വിനോദ പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്.