
റാസല്‍ഖൈമ: യുഎഇയില്‍ റോഡിലെ തര്‍ക്കത്തിനിടെ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്ക് 20,000 ദിര്‍ഹം പിഴയും മൂന്ന് മാസം ജയില്‍ ശിക്ഷയും. ഒരു ഗള്‍ഫ് പൗരനെയാണ് കേസില്‍ റാസല്‍ഖൈമ പ്രാഥമിക ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടതും അയാളുടെ ജീവന്‍ അപകടത്തിലാക്കിയതും അപകടകരമായി വാഹനം ഓടിച്ചതും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ പരാതി നല്‍കിയത് പ്രകാരമാണ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തി കേസ് കോടതിയിലേക്ക് കൈമാറിയത്. റാസല്‍ഖൈമയിലെ ഒരു പൊതുനിരത്തില്‍ വെച്ചായിരുന്നു പരാതിക്ക് ആധാരമായ സംഭവം. താന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നിതിനിടെ കാര്‍ യാത്രക്കാരനുമായി തര്‍ക്കമുണ്ടാവുകയായിരുന്നുവെന്ന് ഇയാള്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് മറ്റൊരു ലേനിലൂടെ കാര്‍ ഡ്രൈവര്‍ ബൈക്കിനെ പിന്തുടര്‍ന്ന് ബോധപൂര്‍വം ഇടിച്ചിടുകയും സ്ഥലത്തു നിന്ന് കടന്നുകളയുകയുമായിരുന്നു. തന്നെ കൊല്ലാനായിരുന്നു ശ്രമമെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
ബൈക്ക് യാത്രക്കാരനെ ഉപദ്രവിച്ചതിനും അയാളുടെ ബൈക്കിന് നാശനഷ്ടങ്ങളുണ്ടാക്കിയതിനും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി. വിചാരണയ്ക്കൊടുവില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. അതേസമയം തനിക്കുണ്ടായ പരിക്കുകള്‍ക്ക് പകരമായി 45,000 ദിര്‍ഹവും ബൈക്കിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായി 30,000 ദിര്‍ഹവും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബൈക്ക് യാത്രക്കാരന്‍ സിവില്‍ കേസും ഫയല്‍ ചെയ്‍തിരുന്നു. എന്നാല്‍ 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതിയുടെ വിധി. ഒപ്പം പരാതിക്കാരന്റെ കോടതി ചെലവുകളും പ്രതി വഹിക്കണം.
Read also: സൗദിക്കും ബഹ്റൈനും ഇടയിലെ കിങ് ഫഹദ് കോസ്‍വേയില്‍ കുടുങ്ങിയത് ആയിരക്കണക്കിന് വാഹനങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam