
ഷാര്‍ജ: 12 റെഡ് സിഗ്നലുകള്‍ ലംഘിച്ച് റോഡില്‍ മരണപ്പാച്ചില്‍ നടത്തിയ 27 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പൊലീസ് വാഹനങ്ങള്‍ പിന്തുടര്‍ന്നിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ച് മുന്നോട്ടുനീങ്ങിയ യുവാവിനെ ഒടുവില്‍ സാഹസികമായായാണ് കീഴടക്കിയത്. യുവാവിനെ നിയമനടപടികള്‍ക്കായി ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.
അറബ് പൗരനായ യുവാവ് തന്റെ പ്രാഡോ കാര്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി 160 കിലോമീറ്റര്‍ വേഗത്തിലാണ് ഓടിച്ചത്. പാഞ്ഞുവന്ന കാറിന് മുന്നില്‍ നിന്ന് രണ്ട് പേരുടെ ജീവന്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കുകയും ചെയ്തു. അജ്മാനില്‍ നിന്ന് ഷാര്‍ജയിലേക്ക് കുതിച്ചുപായുകയായിരുന്ന കാറിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ഒരു പൊലീസ് പട്രോള്‍ വാഹനം കാറിനെ പിന്തുടര്‍ന്നു. പൊലീസ് മുന്നറിയിപ്പ് നല്‍കുകയും കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല. 12 ചുവപ്പ് സിഗ്നലുകള്‍ ലംഘിച്ച് ഇയാള്‍ അമിത വേഗത്തില്‍ മുന്നോട്ടുനീങ്ങി. കാറില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റില്‍ മറ്റൊരാളുമുണ്ടായിരുന്നു.
തുടര്‍ന്ന് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് 10 പട്രോള്‍ വാഹനങ്ങള്‍ കൂടി സ്ഥലത്തേക്ക് കുതിച്ചു. റോഡില്‍ പൊലീസ് വാഹനങ്ങള്‍ തീര്‍ത്ത പ്രതിരോധത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ വന്നതോടെ റോഡരികിലെ കോണ്‍ക്രീറ്റ് ഭിത്തിയിലേക്ക് ഇയാള്‍ കാര്‍ ഇടിച്ചുകയറ്റി. അറസ്റ്റ് ചെയ്യാനായി പൊലീസ് പട്രോള്‍ ഓഫീസര്‍ അടുത്തേക്ക് ചെന്നപ്പോള്‍ ഇയാള്‍ വീണ്ടും വാഹനം ഓടിച്ച് ഉദ്യോഗസ്ഥന അപായപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് കാറിന്റെ ടയറുകളിലേക്ക് നിറയൊഴിച്ചാണ് പൊലീസ് ഇയാള്‍ രക്ഷപെടുന്നത് തടഞ്ഞത്. പിന്നീട് വാഹനത്തില്‍ നിന്ന് പുറത്തിറക്കി യുവാവിനെ വിലങ്ങണിയിച്ച് സ്റ്റേഷനിലെത്തിച്ചു.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാള്‍, താന്‍ പൊലീസ് പട്രോള്‍ സംഘത്തില്‍ നിന്ന് രക്ഷപെടാനാണ് ശ്രമിച്ചതെന്നും പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ താന്‍ തടയാന്‍ ശ്രമിച്ചില്ലെന്ന് കാറിലുണ്ടായിരുന്ന രണ്ടാമന്‍ പൊലീസിനോട് പറഞ്ഞു. കേസ് പരിഗണിച്ച കോടതി അത് പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു.
അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവരെ പിടികൂടാന്‍ തുടര്‍ച്ചയായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ശൈത്യകാലത്ത് വാഹനങ്ങള്‍ കൊണ്ട് അഭ്യാസം നടത്തുന്ന പ്രവണത വര്‍ദ്ധിക്കാറുള്ളതിനാല്‍ പൊലീസ് പട്രോള്‍ സംഘങ്ങള്‍ ജാഗ്രതയിലാണ്. സെപ്തംബര്‍ മുതല്‍ ഇത്തരത്തില്‍ 30ലധികം വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam