
കുവൈത്ത് സിറ്റി: ജോലി മാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് 14,600 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇവരുടെ ലൈസന്‍സുകള്‍ ഉപയോഗിക്കാനോ പുതുക്കാനോ കഴിയില്ല. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ യോഗ്യതയുള്ള ജോലികള്‍ ചെയ്‍തിരുന്നവര്‍ ആ ജോലികളില്‍ നിന്ന് മാറുമ്പോഴാണ് ലൈസന്‍സുകള്‍ റദ്ദാക്കുന്നത്.
നിലവില്‍ 15,75,000 ഡ്രൈവിങ് ലൈസന്‍സ് ഉടമകളാണ് കുവൈത്തിലുള്ളത്. ഇവരില്‍ 6,70,000 പേര്‍ സ്വദേശികളും 8,50,000 പേര്‍ പ്രവാസികളുമാണ്. 30,000 ബിദൂനികള്‍ക്കും 25,000 ഗള്‍ഫ് പൗരന്മാര്‍ക്കും കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുണ്ട്. രാജ്യത്ത് മൂന്ന് ലക്ഷത്തോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളത്.
ലൈസന്‍സ് അനുവദിക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യത്തില്‍ ഒരു ഇളവും നല്‍കരുതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഹ് നിര്‍ദേശം നല്‍കി. ലൈസന്‍സ് അനുവദിക്കുന്നതിനുള്ള ഏതെങ്കിലുമൊരു നിബന്ധന പാലിക്കതെ വന്നാല്‍ അവ റദ്ദാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കുവൈത്തിലെ സര്‍വകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാറുണ്ട്. എന്നാല്‍ പഠനം അവസാനിച്ചാലും ഇവര്‍ ലൈസന്‍സുകള്‍ തിരിച്ചേല്‍പ്പിക്കാറില്ല. ഇത്തരക്കാരുടെ ലൈസന്‍സുകള്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇവര്‍ പിടിയിലായാല്‍ രാജ്യത്തെ നിയമം ലംഘിച്ച കുറ്റത്തിന് നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam