
കുവൈത്ത് സിറ്റി: കുവൈത്തും ഇറാഖും സംയുക്തമായി നടത്തിയ വൻ സുരക്ഷാ ഓപ്പറേഷനിൽ ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കുവൈത്തിനുള്ളിലേക്ക് വലിയ തോതിൽ ക്യാപ്റ്റഗൺ ഗുളികകൾ കടത്താനും വിതരണം ചെയ്യാനുമുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രാലയം പരാജയപ്പെടുത്തിയത്. മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയെ തകർക്കാൻ ഈ നീക്കത്തിലൂടെ സാധിച്ചതായി അധികൃതർ അറിയിച്ചു.
ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള മയക്കുമരുന്ന് നിയന്ത്രണ ജനറൽ വകുപ്പും ഇറാഖിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിട്ട് സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്. കുവൈത്തിൽ അനധികൃതമായി താമസിക്കുന്ന ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഏകദേശം 3,14,000 ക്യാപ്റ്റഗൺ ഗുളികകളാണ് കണ്ടെടുത്തത്. വിപണിയിൽ ഇതിന് ഏകദേശം പത്ത് ലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 27 കോടി രൂപ) വിലവരും. പ്രാദേശിക വിപണിയിൽ വിതരണം ചെയ്യാനാണ് ഇവ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ, വിദേശത്തുള്ള തന്റെ സഹായിയുമായി ചേർന്നാണ് ഈ മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി സമ്മതിച്ചു. ഇയാൾ മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുവൈറ്റിലെ യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam