റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായി; ദുബായ് വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി

By Web TeamFirst Published May 31, 2019, 1:32 PM IST
Highlights

വ്യാഴാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5.54ന് എമിറേറ്റ്സ് ബോയിങ് 777 വിമാനം പുനര്‍നിര്‍മിച്ച റണ്‍വേയില്‍ പറന്നിറങ്ങി. ഇതോടെ രണ്ട് റണ്‍വേയും പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ തുടങ്ങി. 

ദുബായ്: റണ്‍വേ പുനര്‍നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി. 45 ദിവസമായി വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അവശേഷിച്ച ഒരു റണ്‍വേ ഉപയോഗിച്ചായിരുന്നു കഴിഞ്ഞ ഒന്നര മാസത്തെ പ്രവര്‍ത്തനം.

വ്യാഴാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5.54ന് എമിറേറ്റ്സ് ബോയിങ് 777 വിമാനം പുനര്‍നിര്‍മിച്ച റണ്‍വേയില്‍ പറന്നിറങ്ങി. ഇതോടെ രണ്ട് റണ്‍വേയും പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ തുടങ്ങി. ഏപ്രില്‍ 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടച്ചിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയത്. 18,500ലധികം ട്രക്ക് ലോഡ് നിര്‍മാണ സാമഗ്രികളാണ് ഇക്കാലയളവില്‍ വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിച്ചത്. ഓരോ മണിക്കൂറിലും 90 കണ്‍സ്ട്രക്ഷന്‍ വാഹനങ്ങളാണ് വിമാനത്താവളത്തിലെത്തിയിരുന്നത്.

പഴുതടച്ച ആസൂത്രണം പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെയാണ് വിമാനത്താവളത്തിലേക്കുള്ള ഗതാഗതം പുനഃക്രമീകരിച്ചത്. ഒരു റണ്‍വേ പരമാവധി ഉപയോഗിക്കുകയും വലിയ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തത് വഴി 32 ശതമാനം സര്‍വീസുകളെ മാത്രമാണ് ബാധിച്ചത്. ദുബായില്‍ രണ്ടാമത്തെ വിമാനത്താവളമായ ദുബായ് വേള്‍ഡ് സെന്‍ട്രലിന്റെ ശേഷി ഏഴിരട്ടിയോളം വര്‍ദ്ധിപ്പിച്ചാണ് പ്രതിസന്ധിയെ അതിജീവിച്ചത്. ഇത് യാത്രക്കാരുടെ പ്രശംസയും പിടിച്ചുപറ്റി.

ദുബായ് വിമാനത്താവളം പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തന സജ്ജമായതോടെ യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

click me!