ദുബായിലെ മികച്ച സര്‍ക്കാര്‍ ഓഫീസുകള്‍, മോശം സ്ഥാപനങ്ങള്‍ ഇവയാണ്; പട്ടിക പുറത്തുവിട്ട് കിരീടാവകാശി

By Web TeamFirst Published Jan 18, 2020, 7:00 PM IST
Highlights

ശരാശരിയില്‍ താഴെ പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള വികസന പദ്ധതികള്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കിരീടാവകാശി ഹംദാന്‍ ബിന്‍ മുഹമ്മദ് നിര്‍ദേശിച്ചു. ഇത് നടപ്പാക്കുന്നതിലെ പുരോഗതി താന്‍ വ്യക്തിപരമായിത്തന്നെ നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ദുബായ്: ദുബായില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന സ്ഥാപനങ്ങളുടെയും പട്ടിക പുറത്തുവിട്ട് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടിക ദുബായ് കിരീടാവകാശി ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തത്. ഇതനുസരിച്ച് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവയാണ്...

1. ദുബായ് ഇലക്ട്രിസ്റ്റി ആന്റ് വാട്ടര്‍ അതോരിറ്റി
2. റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി
3. ദുബായ് ഹെല്‍ത്ത് അതോരിറ്റി

ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സ്ഥാപങ്ങള്‍ ഇവയാണ്...
1. ദുബായ് കസ്റ്റംസ്
2. ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റി
3. ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്
4. ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍

ഓഫീസുകളിലെത്തുന്നവരുടെ സംതൃപ്തിയുടെ അടിസ്ഥാനത്തില്‍ ഹാപ്പിനെസ്  ഇന്‍ഡക്സ് റിസള്‍ട്ട് ആധാരമാക്കിയാണ് മികച്ച സ്ഥാപനങ്ങളെയും മോശം സ്ഥാപനങ്ങളെയും കണ്ടെത്തിയത്. ശരാശരിയില്‍ താഴെ പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള വികസന പദ്ധതികള്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കിരീടാവകാശി ഹംദാന്‍ ബിന്‍ മുഹമ്മദ് നിര്‍ദേശിച്ചു. ഇത് നടപ്പാക്കുന്നതിലെ പുരോഗതി താന്‍ വ്യക്തിപരമായിത്തന്നെ നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

"ദുബായ് സര്‍ക്കാറിന് കീഴിലുള്ള എല്ലാ ഡയറക്ടര്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും തനിക്ക് വ്യക്തിപരമായി നല്‍കാനുള്ള സന്ദേശം ഇതാണ്, യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്‍കുന്ന ദുബായ് ഭരണകൂടത്തിന്, ഏറ്റവും മികച്ച സേവനങ്ങളും, എല്ലാ മേഖലയിലെയും ഒന്നാം സ്ഥാനവും മികച്ച നേതൃത്വവും മാത്രമേ സംതൃപ്തി നല്‍കുകയുള്ളു" - ശൈഖ് ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചു.

click me!