കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം

By Web TeamFirst Published Oct 24, 2020, 10:28 PM IST
Highlights

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ശനിയാഴ്‍ച സാമൂഹിക മാധ്യമങ്ങളിലൂടെ പുതിയ പ്രഖ്യാപനം നടത്തിയത്. 

ദുബൈ: കൊവിഡ് മഹാമാരി കാരണം സാമ്പത്തിക രംഗത്തുണ്ടായ ആഘാതം മറികടക്കാനും സമ്പദ്‍വ്യവസ്ഥയുടെ പുനരുജ്ജീവനം കാര്യക്ഷമമമാക്കാനും ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മൂന്ന് പാക്കേജുകള്‍ക്ക് പുറമെയാണിത്. ഇതോടെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വേണ്ടി മാത്രം ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. 680 കോടി ദിര്‍ഹത്തിന്റെ പദ്ധതികളാണ്.

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ശനിയാഴ്‍ച സാമൂഹിക മാധ്യമങ്ങളിലൂടെ പുതിയ പ്രഖ്യാപനം നടത്തിയത്. ലോകമെമ്പാടും വിവിധ സാമ്പത്തിക മേഖലകളില്‍ കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നും എല്ലാ വെല്ലുവിളികളെയും മറികടന്ന്  പ്രതിസന്ധികളില്‍ നിന്നുള്ള അതിജീവനത്തിന് കരുത്തേകി, സാമ്പത്തിക വളര്‍ച്ചയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു. ദുബൈയുടെ പുരോഗതിക്ക് സ്വകാര്യ മേഖല വലിയ പങ്കുവഹിക്കുന്നുണ്ട്. ചില മേഖലകള്‍ക്ക് വാടക ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ചിരുന്ന ചില ആനുകൂല്യങ്ങളുടെ കാലപരിധി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്.

നേരത്തെ മാര്‍ച്ച് 12ന് 150 കോടിയുടെ പാക്കേജാണ് കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ദുബൈ ഭരണകൂടം ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ച്ച് 29ന് 330 കോടിയുടെയും ജൂലൈ 11ന് 150 കോടിയുടെയും പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഇതിന് പുറമെയാണ് ഇന്ന് പ്രഖ്യാപിച്ച 50 കോടിയുടെ പ്രത്യേക പദ്ധതികള്‍.

click me!