സൗദിയിലെ ജുബൈലിൽ 35 വർഷമായി പ്രവാസിയായിരുന്ന തിരുവല്ല സ്വദേശി പ്രസാദ് മോഹനൻ (69) ഹൃദയാഘാതം മൂലം മരിച്ചു. ജുബൈലിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായിരുന്നു.  

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി പ്രസാദ് മോഹനൻ (69) മരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 35 വർഷമായി ജുബൈലിൽ പ്രവാസിയായ അദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജുബൈലിലെ വിവിധ പ്രവാസി സംഘടനകളുമായും ജീവകാരുണ്യ പ്രവർത്തനങ്ങളുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. വലിയൊരു സൗഹൃദ വലയത്തിന് ഉടമയായിരുന്ന പ്രസാദിെൻറ വിയോഗം പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടമായി.

ജുബൈലിൽ കൂടെയുണ്ടായിരുന്ന ഭാര്യ അംബിക നാല് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ ഭാര്യയും മക്കളും ഹൈദരാബാദിലാണ് താമസം. മക്കൾ: അർച്ചന, അഭിലാഷ് (ഇരുവരും ഹൈദരാബാദ്). മരുമകൻ: ജീവൻ (ഖത്തർ). അദ്ദേഹത്തിന് മൂന്ന് കൊച്ചുമക്കളുമുണ്ട്. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാര ചടങ്ങുകൾ സ്വദേശമായ തിരുവല്ലയിൽ നടക്കും. പ്രസാദ് മോഹനെൻറ ആകസ്മിക നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകളും സാംസ്കാരിക പ്രതിനിധികളും അനുശോചനം രേഖപ്പെടുത്തി.