Latest Videos

മുതലകള്‍ക്കിടയിലൂടെ നടക്കാം, മുതലകളെ അറിയാം; ദുബൈയില്‍ ഇങ്ങനെയും ഒരു പാര്‍ക്ക്

By Jojy JamesFirst Published Apr 29, 2023, 11:50 PM IST
Highlights

മുതലകളുടെ ആവാസ വ്യൂഹത്തിലൂടെ കടന്ന് പോകുന്ന അനുഭവമാണ് ദുബായ് ക്രൊക്കൊഡൈൽ പാർക്ക് സന്ദർശകന് സമ്മാനിക്കുന്നത്. ശരിക്കും ഒരു മുതലക്കൂട്ടത്തിൽ പെട്ട പ്രതീതി. 

ദുബൈ: ദുബായിലെ ഏറ്റവും പുതിയ ദൃശ്യാനുഭവമായ ക്രൊക്കൊഡൈൽ പാർക്ക് സന്ദർശകർക്കായി കഴിഞ്ഞയാഴ്ച തുറന്നുകൊടുത്തു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്രൊക്കൊഡൈൽ പാർക്കാണ് ദുബായ് മുഷ്റിഫിൽ സജ്ജമായിരിക്കുന്നത്. ഇരുനൂറ്റമ്പതോളം നൈൽ മുതലകളാണ് പാർക്കിലുള്ളത്. 

മുതലകളുടെ ആവാസ വ്യൂഹത്തിലൂടെ കടന്ന് പോകുന്ന അനുഭവമാണ് ദുബായ് ക്രൊക്കൊഡൈൽ പാർക്ക് സന്ദർശകന് സമ്മാനിക്കുന്നത്. ശരിക്കും ഒരു മുതലക്കൂട്ടത്തിൽ പെട്ട പ്രതീതി. ചുറ്റും മുതലകൾ മാത്രം. പല പ്രായത്തിലും വലുപ്പത്തിലുമുളളവ. ചിലത് അലസമായി വെയിൽ കാഞ്ഞ് കിടക്കുന്നു. മറ്റ് ചിലത് വെള്ളത്തിനടയിൽ ശാന്തമായി കിടക്കുന്നു. ഇരുനൂറ്റിയമ്പതിലധികം നൈൽ മുതലകളാണ് ഈ പാർക്കിലുള്ളത്. മൂന്ന് മാസം മുതൽ ഇരുപത്തിയഞ്ച് വയസു വരെ പ്രായമുള്ളവ. ദക്ഷിണാഫ്രിക്കയിൽ നിന്നും ടുണിഷ്യയിൽ നിന്നുമാണ് ഇവയെ ദുബായിലെത്തിച്ചത്.

ക്രൊക്കൊഡൈൽ പാർക്കിൽ വിരിയിച്ചെടുത്ത മുതലക്കുഞ്ഞുങ്ങളുമുണ്ട്. മൂന്ന് മാസം മുതൽ ആറു മാസം വരെ പ്രായമുണ്ട് ഇവയ്ക്ക്.
ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മുട്ടകൾ ക്രൊക്കൊഡൈൽ പാർക്കിലെ ഇൻകുബേഷൻ സെന്ററിൽ വിരിയിച്ച് എടുക്കുകയായിരുന്നു. ഭ്രൂണമായി മുട്ടയ്ക്കുള്ളിൽ രൂപമെടുക്കുന്നത് മുതൽ മുതലയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഇവിടെ നേരിട്ട് കണ്ടറിയാനാകും.

നൈൽ മുതലകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ. യുഎഇയിലെ കൊടും ചൂടിനെ അതിജീവിക്കാൻ വെള്ളം ശീതികരിക്കുന്ന സംവിധാനം വരെയുണ്ട്. പ്രായവും വലിപ്പവുമനുസരിച്ച് വിവിധ കുളങ്ങളിലായാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. 

ജലത്തിനടയിലെ മുതലകളുടെ പെരുമാറ്റ രീതികൾ കണ്ടറിയാൻ സഹായിക്കുന്ന ക്രൊക്കൊഡൈൽ അക്വേറിയം വേറിട്ട ഒരു അനുഭവമാണ്. അഞ്ച് വയസുള്ള മുതലകളെയാണ് ഇതിൽ പാർപ്പിച്ചിരിക്കുന്നത്. വെള്ളത്തിനടിയിലെ മുതലകളും കളികളും കാഴ്ചകളും എത്രനേരം കണ്ടാലും മതി വരില്ല

മുതലകളെ കുറിച്ച് ശാസ്ത്രീയമായി കൂടുതൽ അറിയാൻ സഹായിക്കുന്ന മ്യൂസിയവും പാർക്കിന്റെ ഭാഗമാണ്. മുതലകളും ചീങ്കണ്ണികളും തമ്മിലുള്ള വ്യത്യാസം വളരെ ലളിതമായി ഇവിടെ വിശദീകരിക്കുന്നു. മുതലകളുടെ അസ്ഥികൂടവും ശരീര ഭാഗങ്ങളും ഇവിടെ കാണാം. ഒരു മുതലയ്ക്ക് അതിൻറെ ജീവിത കാലയളവിൽ മൂവായിരത്തോളം പല്ലുകൾ വരുമെന്ന അറിവ് നിങ്ങളെ അമ്പരപ്പിക്കും, മുതലകളുടെ പല്ലുകൾ ഇവിടെ കുപ്പിയിലടച്ച് വച്ചിട്ടുണ്ട്.

ആഫ്രിക്കയിലെ വിവിധ ജീവി വർഗങ്ങളുടെ അസ്ഥികൂടങ്ങളും കാണാം. സിംഹവും ചീറ്റപ്പുലിയും സീബ്രയും ജീറാഫും മുതൽ വിവിധ പക്ഷികൾ വരെ അസ്ഥി പഞ്ജരങ്ങളായി സന്ദർശകർക്ക് അറിവ് പകരും. മമ്മിയാക്കി മാറ്റിയ മുതലയുടെ മാതൃകയും സന്ദർശകരെ ആകർഷിക്കും. ദുബായ്ക്കുള്ള പെരുനാൾ സമ്മാനമായാണ് ക്രൊക്കൊഡൈൽ പാർക്ക് തുറന്നത്. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 95 ദിർഹവും കുട്ടികൾക്ക് 75 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.
 

Read also: ഈ ജീവിതമാണ് പ്രചോദനം; അപകടത്തില്‍ തളര്‍ന്ന ശരീരവുമായി ദുബൈയില്‍ ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്ത മലയാളിയെ അറിയാം

click me!