Asianet News MalayalamAsianet News Malayalam

ഈ ജീവിതമാണ് പ്രചോദനം; അപകടത്തില്‍ തളര്‍ന്ന ശരീരവുമായി ദുബൈയില്‍ ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്ത മലയാളിയെ അറിയാം

ആരാണ് സുജിത് കോശിയെന്ന് ചോദിച്ചാൽ ഒരുപാട് ഉത്തരങ്ങളുണ്ട്. പ്രഫഷൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. പാഷൻ ഒരുപാടുണ്ട്. ഫിസിക്കൽ ട്രെയിനറാണ്, പ്രാസംഗികനാണ്. ഗായകനാണ്. അങ്ങനെ പലതാണ് സുജിത്.

Sujith Varghese Koshy a Malayali wh created a Guinness world record in Dubai by travelling in wheelchair afe
Author
First Published Apr 29, 2023, 11:34 PM IST

ദുബൈ: നിശ്ചയദാർഡ്യത്തിൻറെ മറുപേരാണ് സുജിത് വർഗീസ് കോശി. തോറ്റു കൊടുക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചവന്റെ വിജയഗാഥയാണ് ഈ യുവാവിന്റെ ജീവിതം. ബാംഗ്ലൂരിൽ അവസാന വർഷ ഡിഗ്രിക്ക് പഠിക്കുമ്പോഴുണ്ടായ ബൈക്ക് അപകടമാണ് സുജിത്തിൻറെ ജീവിതം മാറ്റി മറിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുജിത്തിന്റെ അരയ്ക്ക് താഴേക്ക് തളർന്നു. പക്ഷേ അതിന്റെ പേരിൽ വീടിന്റെ നാല് ചുവരുകൾക്കുള്ളിലേക്ക് പിൻവലിയുകയല്ല സുജിത് ചെയ്തത്. മറിച്ച് ഒരു ഫീനിക്സ് പക്ഷിയെ പോലെ പുതിയ ഉയരങ്ങളിലേക്ക് പറന്നുയരുകയായിരുന്നു.

ആരാണ് സുജിത് കോശിയെന്ന് ചോദിച്ചാൽ ഒരുപാട് ഉത്തരങ്ങളുണ്ട്. പ്രഫഷൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. പാഷൻ ഒരുപാടുണ്ട്. ഫിസിക്കൽ ട്രെയിനറാണ്, പ്രാസംഗികനാണ്. ഗായകനാണ്. അങ്ങനെ പലതാണ് സുജിത്. ഇപ്പോള്‍ സുജിത്തിന്റെ നേട്ടങ്ങളിലേക്ക് ഇതാ ഒരു പൊൻ തൂവൽ കൂടി എത്തിയിരിക്കുന്നു. ഒരു ഗിന്നസ് വേൾഡ് റെക്കോർഡ്. വീൽചെയറിൽ സഞ്ചരിച്ച് ഏറ്റവും വലിയ ജിപിഎസ് ചിത്രം സൃഷ്ടിച്ച വ്യക്തിയെന്ന റെക്കോർഡ് ഇനി ഈ മലയാളിയുടെ പേരിലാണ്.

ദുബായ് ഡൗൺ ടൗണിലായിരുന്നു സുജിത്തിന്റെ ലോകറെക്കോർഡ് പ്രകടനം. 8.71 കിലോമീറ്റർ ദുബായ് ഡൗൺ ടൗണിലൂടെ വീൽ ചെയറിൽ സഞ്ചരിച്ചായിരുന്നു സുജിത് റെക്കോർഡ് കുറിച്ചത്. അംഗപരിമിതരെ സൂചിപ്പിക്കുന്ന വീൽചെയർ ലോഗോയാണ്, വീൽചെയറിൽ സഞ്ചരിച്ച് സുജിത് പൂർത്തിയാക്കിയത്. ഒട്ടും എളുപ്പമായിരുന്നില്ല ലോക റെക്കോർഡിലേക്കുള്ള യാത്ര. ഒന്നിന് പിറകെ ഒന്നൊന്നായി പ്രതിബന്ധങ്ങൾ ഉണ്ടായി. പക്ഷേ പിന്നോട്ട് പോകാതെ ആത്മവിശ്വാസത്തോടെ സുജിത് മുന്നോട്ട് പോയപ്പോൾ പ്രതിബന്ധങ്ങളെല്ലാം മാറി പുതിയ ലോകറെക്കോർഡ് പിറവിയെടുത്തു.

ദുബായ് പൊലീസിൻറെ ഉറച്ച പിന്തുണയാണ് ഈ റെക്കോർഡ് സൃഷ്ടിക്കാൻ സഹായിച്ചതെന്ന് സുജിത് പറയുന്നു. റെക്കോർഡ് പ്രകടനത്തിൻറെ മുന്നൊരുക്കം മുതൽ, യാത്രയുടെ ഓരോ ഘട്ടത്തിലും, യാത്ര പൂർത്തിയാകുന്നത് വരെ പൊലീസ് ഒപ്പം നിന്നു. ഇതാദ്യമായല്ല, സുജിത് ഇത്തരം പ്രകടനങ്ങളിലൂടെ ശ്രദ്ധേയനാകുന്നത്. മുമ്പ് വീൽചെയറിൽ ഇരുന്ന് കാർ കെട്ടിവലിച്ചും സുജിത് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. അതൊടൊപ്പം മികച്ച ഒരു റാപ്പ് ഗായകൻ കൂടിയാണ് സുജിത്.

അംഗീകൃത ഫിറ്റ്നെസ് ട്രെയിനറായ സുജിത്, ഒട്ടേറെ പേർക്ക് പരിശീലനം നൽകുന്നു. ബോക്സിങ് താരവും, ബാസ്കറ്റ് ബോൾ കളിക്കാരനുമൊക്കെയായിരുന്ന സുജിത്തിനെ അപകടത്തിന് ശേഷം ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതും ഈ ഫിറ്റ്നസ് ആവേശം തന്നെയായിരുന്നു. തൻറെ ജീവിതാനുഭവങ്ങളിലൂടെ ഒട്ടേറെ പേർക്ക് പ്രചോദനമേകുക കൂടി ചെയ്യുന്നുണ്ട് സുജിത്. യുഎഇയിൽ തുടർച്ചയായി മൂന്ന് വർഷം ടെഡ് എക്സ് വേദികളിൽ സുജിത് പ്രസംഗിച്ചിട്ടുണ്ട്. ഇതിനകം ഒട്ടേറെ നേട്ടങ്ങളും സുജിത്തിനെ തേടിയെത്തിയിട്ടുണ്ട്.

പ്രതിസന്ധികളും തിരിച്ചടികളും ജീവിതത്തിൻറെ അവസാനമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ച് തരികയാണ് സുജിത്. ആ തിരിച്ചടികളെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ഊർജമാക്കി മാറ്റുകയാണ് സുജിത്.

Follow Us:
Download App:
  • android
  • ios