കൊവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പനി

By Web TeamFirst Published May 5, 2020, 10:53 PM IST
Highlights

മരണപ്പെട്ട രാജേന്ദ്രയ്ക്കൊപ്പം സുവര്‍ണയും 17കാരിയായ മകളും ദുബായില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. തികച്ചും
ആകസ്മികമായി സംഭവിച്ച ഭര്‍ത്താവിന്റെ വേര്‍പാട് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല ഈ കുടുംബത്തിന്. 

ദുബായ്: കൊവിഡ് ബാധിച്ച് മരണപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കമ്പനി. ഏപ്രില്‍ 26ന് ദുബായില്‍ മരണപ്പെട്ട ഇന്ത്യക്കാരന്‍  രാജേന്ദ്രയുടെ ഭാര്യ സുവര്‍ണയ്ക്ക് ജോലി നല്‍കാമെന്നാണ് ദുബായ് ആസ്ഥാനമായുള്ള പ്രിസിഷന്‍ പ്ലാസ്റ്റിക് പ്രൊഡക്ട്സ് എന്ന സ്ഥാപനം അറിയിച്ചിരിക്കുന്നത്.

മരണപ്പെട്ട രാജേന്ദ്രയ്ക്കൊപ്പം സുവര്‍ണയും 17കാരിയായ മകളും ദുബായില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. തികച്ചും ആകസ്മികമായി സംഭവിച്ച ഭര്‍ത്താവിന്റെ വേര്‍പാട് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല ഈ കുടുംബത്തിന്. എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചു തീര്‍ന്നുവെന്നാണ് സുവര്‍ണ പറയുന്നത്. ഏപ്രില്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് അസുഖങ്ങളൊന്നും രാജേന്ദ്രയ്ക്ക് ഉണ്ടായിരുന്നില്ല. രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചതു മുതല്‍ സുവര്‍ണയും മകളും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പെട്ടെന്നൊരു ദിവസം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളാണ് ലഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം പിന്നീട് സംസ്കരിച്ചു. ഇപ്പോഴും ഭര്‍ത്താവിന്റെ ഫോണ്‍ കോളും മടങ്ങിവരവുമൊക്കെ താന്‍ പ്രതീക്ഷിച്ചുപോകാറുണ്ടെന്ന് സുവര്‍ണ പറയുന്നു. യുഎഇയില്‍ മറ്റ്
ബന്ധുക്കളൊന്നുമില്ലാതെ ജീവിതം വഴിമുട്ടി നിന്ന സാഹചര്യത്തിലാണ് രാജന്ദ്ര ജോലി ചെയ്തിരുന്ന കമ്പനി ഇവരെ സഹായിക്കാനെത്തിയത്.

അഞ്ഞൂറോളം ജീവനക്കാരുള്ള തങ്ങളുടെ സ്ഥാപനത്തിലെ മികവ് പുലര്‍ത്തിയ ജീവനക്കാരിലൊരാളായിരുന്നു രാജേന്ദ്രയെന്ന് ജനറല്‍ മാനേജര്‍ ഡേവിഡ് സ്വാന്‍ പറഞ്ഞു. 2012 മുതല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം പ്രൊഡക്ഷന്‍ മാനേജരായിരുന്നു. ആകസ്മിക മരണത്തെ തുടര്‍ന്ന് ദുരിതത്തിലായ കുടുംബത്തെ സഹായിക്കാന്‍ കമ്പനി രംഗത്തുവരികയായിരുന്നു.

സുവര്‍ണയ്ക്ക് ഏത് തസ്തികയിലായിരിക്കും ജോലി നല്‍കുകയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എം.കോം ബിരുദധാരിയായ അവരെ കമ്പനിയിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ഒഴിവുള്ള ഉചിതമായൊരു തസ്തികയില്‍ നിയമിക്കാനാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. ദുബായില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മകള്‍.

click me!