ദുബായിലെ ബസ്സപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

By Web TeamFirst Published Jun 8, 2019, 6:23 AM IST
Highlights

ആകെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ 12 ഇന്ത്യക്കാരില്‍ 8 പേര്‍ മലയാളികളാണ്. തൃശ്ശൂര്‍ സ്വദേശി ജമാലുദ്ദീന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

ദുബായ്: ദുബായില്‍ ബസപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി തുടങ്ങി. തൃശ്ശൂര്‍ സ്വദേശി ജമാലുദ്ദീന്‍റെ മൃതദേഹം രാവിലെ 7.40ന്‍റെ എയര്‍ ഇന്ത്യയില്‍ നെടുമ്പാശേരിയിലെത്തിക്കും. അപകടത്തില്‍ മരിച്ച 12 ഇന്ത്യക്കാരുടേയും മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

തൃശ്ശൂര്‍ സ്വദേശി ജമാലുദ്ദീന്‍റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആദ്യം ബന്ധുക്കള്‍ക്ക് കൈമാറിയത്. മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ച സാഹചര്യത്തില്‍ പാസ്പോര്‍ട്ട് റദ്ദാക്കലാണ് അടുത്ത നടപടി. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് എമര്‍ജന്‍സി പാസ്പോര്‍ട്ടായ വൈറ്റ് പാസ്പോര്‍ട്ട് അനുവദിച്ച് കാന്‍സലേഷന്‍ രേഖപ്പെടുത്തി കഴിഞ്ഞു. ഇനി മൃതദേഹങ്ങള്‍ വിട്ടുകിട്ടാനുള്ള സമ്മതപത്രം റാഷിദിയ പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ചുകഴിഞ്ഞാല്‍ മൃതദേഹങ്ങള്‍ സോനാപൂരിലെ എംബാമിംഗ് സെന്‍ററിലേക്ക് മാറ്റും.

40 മിനുട്ടിനുള്ളില്‍ ഒരാളുടെ മൃതദേഹം എംബാംചെയ്യാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. അങ്ങനെയാവുമ്പോള്‍ രാത്രിയോടുകൂടി ബാക്കിയുള്ള 11 ഇന്ത്യക്കാരുടേയും മൃതദേഹം നാട്ടിലേക്ക് കയറ്റിവിടാനാകുമെന്ന് ദുബായി ഇന്ത്യന്‍ കോണ്‍സുല്‍ജനറല്‍ വിപുല്‍ പറഞ്ഞു. പ്രാദേശിക സമയം രാവിലെ ഒമ്പതുമണിയോടുകൂടി നടപടിക്രമങ്ങള്‍ തുടങ്ങും. മരിച്ച 12 ഇന്ത്യക്കാരില്‍ എട്ട് പേരും കുടുംബസമ്മേതം ദുബായില്‍ കഴിയുകയായിരുന്നു. 

click me!