
ദുബൈ: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ സ്വദേശിയുടെ വധശിക്ഷ ദുബൈ പരമോന്നത കോടതി ശരിവെച്ചു. കേസ് ആദ്യം പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീല്‍ കോടതിയും ശിക്ഷ ശരിവെച്ചു. അതിന് ശേഷം ദുബൈ പരമോന്നത കോടതിയില്‍ പ്രതി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളുകയായിരുന്നു. ദുബൈയിലെ നിയമ നടപടി അനുസരിച്ച് ഇനി ദുബൈ ഭരണാധികാരി വിധി അംഗീകരിച്ചാല്‍ ശിക്ഷ നടപ്പാക്കും.
ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിയ്ക്കാണ് വധശിക്ഷ വിധിച്ചത്. 2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്‍പദമായ സംഭവം ഉണ്ടായത്. അറേബ്യന്‍ റാഞ്ചസ് മിറാഡോര്‍ കമ്മ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു കൊലപാതകം നടന്നത്. വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂര്‍ ഒളിച്ചിരുന്ന ശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേക്ക് കയറിയതും കൊലപാതകങ്ങള്‍ നടത്തിയതും.
സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതി വില്ലയിലെത്തിയത്. അറ്റകുറ്റപ്പണിക്കായി മുമ്പ് ഈ വീട്ടിലെത്തിയതിന്റെ പരിചയത്തിലാണ് പ്രതി മോഷണത്തിന് പദ്ധതി തയ്യാറാക്കിയത്. ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ദമ്പതികളെ അവരുടെ മക്കളുടെ മുമ്പിലിട്ടാണ് കൊലപ്പെടുത്തിയത്. 18ഉം 13ഉം വയസ്സുള്ള പെണ്‍മക്കള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഹിരണിന് ശരീരത്തിന്റെ പല ഭാഗങ്ങളിലായി 10 തവണ കുത്തേറ്റെന്നും ഇദ്ദേഹത്തിന്റെ ഭാര്യയെ 14 തവണ കുത്തിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മുകള്‍ നിലയിലായിരുന്നു ദമ്പതികള്‍ ഉറങ്ങിയത്. ഇവരുടെ മുറിയില്‍ പ്രതി തെരച്ചില്‍ നടത്തുന്നതിനിടെ ശബ്ദം കേട്ട് ദമ്പതികള്‍ ഉണര്‍ന്നു. തുടര്‍ന്നാണ് ഇവരെ ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ മൂത്തമകളെയം പ്രതി ആക്രമിച്ചു. പെണ്‍കുട്ടി അലാറാം മുഴക്കിയതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ പിടിയിലായി. കൃത്യത്തിന് ഉപയോഗിച്ച കത്തി വില്ലയുടെ 500 മീറ്റര്‍ അകലെ നിന്ന് കണ്ടെടുത്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അമ്മയുടെ ചികിത്സയ്ക്ക് പണം വേണ്ടി വന്നതിനാലാണ് മോഷണത്തിന് ശ്രമിച്ചതെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതി പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ