
ദുബായ്: അൽ ഖുദ്ര റോഡ് പ്രധാന ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പാലങ്ങളുടെയും നിർമ്മാണം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പൂർത്തിയാക്കി. അൽ ഖുദ്ര റോഡും ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും സംഗമിക്കുന്ന കവലയിൽ നിർമ്മിച്ച മൂന്ന് പാലങ്ങളും രണ്ട് ലൂപ്പ് റാമ്പുകളും ഗതാഗതത്തിനായി തുറന്നുകൊടുത്തു.
ആകെ 2,660 മീറ്റർ നീളമുള്ള പുതിയ പാലങ്ങൾ യാഥാർത്ഥ്യമായതോടെ വാഹനങ്ങൾക്ക് എല്ലാ ദിശകളിലേക്കും സിഗ്നലുകളിൽ കാത്തുനിൽക്കാതെ തടസ്സമില്ലാതെ സഞ്ചരിക്കാനാകും. ഇതോടെ ഈ മേഖലയിലെ യാത്രാസമയത്തിൽ ഏഴ് മിനിറ്റിന്റെ കുറവുണ്ടാകും. ജംഗ്ഷനിലെ വാഹന ശേഷി മണിക്കൂറിൽ 7,800ൽ നിന്ന് 19,400 ആയി (150 ശതമാനം വർദ്ധനവ്) ഉയർന്നിട്ടുണ്ട്. 4,750 മീറ്റർ നീളമുള്ള പാലങ്ങളും 11.6 കിലോമീറ്റർ റോഡ് വികസനവും ഉൾപ്പെടുന്നതാണ് അൽ ഖുദ്ര റോഡ് വികസന പദ്ധതി. പദ്ധതി പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതോടെ അൽ ഖുദ്ര റോഡിന്റെ ശേഷി 33 ശതമാനം വർദ്ധിക്കുകയും (മണിക്കൂറിൽ 12,000ൽ നിന്ന് 16,000 വാഹനങ്ങൾ) യാത്രാസമയം 10 മിനിറ്റിൽ നിന്ന് 3 മിനിറ്റായി (70 ശതമാനം കുറവ്) ചുരുങ്ങുകയും ചെയ്യും.
മൂന്ന് പാലങ്ങളും രണ്ട് ലൂപ്പ് റാമ്പുകളും
ഒന്നാമത്തെ പാലം (750 മീറ്റർ): രണ്ട് വരികളുള്ള ഈ പാലം അൽ ഖുദ്ര റോഡിനെ ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റുമായി ബന്ധിപ്പിച്ച് ജബൽ അലി ഭാഗത്തേക്കുള്ള ഗതാഗതം സുഗമമാക്കുന്നു.
രണ്ടാമത്തെ പാലം (900 മീറ്റർ): രണ്ട് വരികളുള്ള ഈ പാലം സിറ്റി സെന്ററിലേക്കും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പോകുന്ന യാത്രക്കാർക്കായുള്ളതാണ്.
മൂന്നാമത്തെ പാലം (500 മീറ്റർ): ഒറ്റവരിപ്പാതയായ ഈ പാലം സമീപത്തെ താമസമേഖലകളിൽ നിന്നുള്ള വാഹനങ്ങളെ അൽ ഖുദ്ര സിറ്റിയുമായി ബന്ധിപ്പിക്കുന്നു.
ലൂപ്പ് റാമ്പുകൾ: രണ്ട് വരികൾ വീതമുള്ള രണ്ട് ലൂപ്പ് റാമ്പുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 230 മീറ്റർ നീളമുള്ള റാമ്പ് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ നിന്ന് അൽ ഖുദ്ര സിറ്റിയിലേക്കും, 280 മീറ്റർ നീളമുള്ള റാമ്പ് ഉമ്മു സുഖീം ഭാഗത്തേക്കുമുള്ള ഗതാഗതത്തിനായി ഉപയോഗിക്കുന്നു. ഇതിനുപുറമെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമായി മൂന്ന് കിലോമീറ്റർ സർവീസ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്. നേരത്തെ ഇതേ കവലയിൽ ഇരുവശങ്ങളിലേക്കുമായി എട്ട് വരികളുള്ള, 1,400 മീറ്റർ നീളമുള്ള രണ്ട് പ്രധാന പാലങ്ങൾ തുറന്നുകൊടുത്തിരുന്നു.
ദുബായുടെ അതിവേഗത്തിലുള്ള നഗര-ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഈ പദ്ധതി നാല് ലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും പ്രയോജനപ്പെടും. അറേബ്യൻ റാഞ്ചസ് 1, 2, ദുബായ് മോട്ടോർ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, അക്കോയ, മുദോൻ, ദമാക് ഹിൽസ്, ദി സസ്റ്റൈനബിൾ സിറ്റി, ടൗൺ സ്ക്വയർ, മിറ, ദമാക് ഹിൽസ് 2 തുടങ്ങിയ പ്രമുഖ താമസ-വികസന മേഖലകളിലേക്കുള്ള യാത്ര ഇതോടെ കൂടുതൽ എളുപ്പമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam