
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിഗത വായ്പ അനുവദിക്കുന്നതിന് പുതിയ നിബന്ധനകളുമായി ചില ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും. തൊഴിൽ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും വായ്പാ വിതരണം വർധിപ്പിക്കുന്നതിനും തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കുറയ്ക്കുന്നതിനുമാണ് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതെന്ന് 'അൽ റായ്' ദിനപത്രം റിപ്പോർട്ട് ചെയ്തു.
ശമ്പള സർട്ടിഫിക്കറ്റിന് പുറമേ തൊഴിലുടമയിൽ നിന്നുള്ള പ്രത്യേക ഉറപ്പുപത്രമാണ് പുതിയ നിബന്ധനകളിൽ പ്രധാനം. വായ്പയെടുത്ത ജീവനക്കാരൻ രാജിവെക്കുകയോ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുകയോ ചെയ്താൽ, സേവനാന്ത്യ ആനുകൂല്യങ്ങൾ വായ്പ അനുവദിച്ച ബാങ്കിലെ ശമ്പള അക്കൗണ്ടിലേക്ക് തന്നെ കൈമാറുമെന്ന് തൊഴിലുടമ രേഖാമൂലം ഉറപ്പുനൽകണം. വായ്പാ തിരിച്ചടവ് പൂർത്തിയാകുന്നതുവരെ ജീവനക്കാരൻ ആവശ്യപ്പെട്ടാലും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക കൈമാറാൻ പാടില്ല.
സ്വദേശിവത്കരണത്തിന് സാധ്യതയുള്ള സർക്കാർ തസ്തികകളിൽ ജോലി ചെയ്യുന്നവർ, ചെറുകിട, ഇടത്തരം കമ്പനികളിലെ ജീവനക്കാർ, അറുപത് വയസ്സിനോട് അടുക്കുന്ന പ്രവാസികൾ എന്നിവർക്കാണ് പുതിയ നിബന്ധനകൾ പ്രധാനമായും ബാധകമാകുന്നത്.
വായ്പാ തിരിച്ചടവ് പൂർത്തിയാകുന്നതിന് മുമ്പ് ജോലി നഷ്ടപ്പെട്ടാൽ, തിരിച്ചടയ്ക്കാനുള്ള വായ്പാ തുകയ്ക്ക് തുല്യമായ തുക ബാങ്ക് അക്കൗണ്ടിൽ മരവിപ്പിക്കും. ഈ തുകയിൽനിന്ന് പ്രതിമാസ വായ്പാ തവണകൾ ഈടാക്കും.
ബാങ്കിന്റെ ഉയർന്ന ക്രെഡിറ്റ് റേറ്റിങ്ങുള്ള മറ്റൊരു സ്ഥാപനത്തിൽ ജോലി ലഭിക്കുകയും മൂന്ന് മുതൽ ആറ് മാസം വരെ പുതിയ ജോലിയിൽ തുടരുന്നതായി തെളിയിക്കുകയും ചെയ്താൽ മാത്രമേ മരവിപ്പിച്ച തുകയുടെ നിയന്ത്രണം നീക്കുകയുള്ളൂ. ഇത് ഓരോ ബാങ്കിന്റെയും നയങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും. അതേസമയം, പുതുതായി ജോലിയിൽ പ്രവേശിച്ച പ്രവാസികൾക്കും തൊഴിൽ സ്ഥിരതയില്ലാത്തവർക്കും മതിയായ സേവനകാലം പൂർത്തിയാക്കാത്തവർക്കും ചില ബാങ്കുകൾ താൽക്കാലികമായി വായ്പ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്.
പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി കമ്പനികളുടെ ക്രെഡിറ്റ് റേറ്റിങ്ങും ബാങ്കുകൾ അടുത്തിടെ പുനഃപരിശോധിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരതയുള്ള ജോലിയും മികച്ച ശമ്പളവും ദീർഘകാല തൊഴിൽ പരിചയവുമുള്ള പ്രവാസികൾക്കും ബാങ്കുകളിൽ നിക്ഷേപം ഉൾപ്പെടെയുള്ള അധിക സാമ്പത്തിക ഉറപ്പുകളുള്ളവർക്കും വായ്പ ലഭിക്കുന്നതിന് തടസ്സമില്ലെന്ന് ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ വ്യവസ്ഥകൾ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ പൊതുവായ ഉത്തരവല്ലെന്നും വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വീകരിക്കുന്ന വായ്പാ നയങ്ങളുടെ ഭാഗമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam