വിമാനാപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 1.5 കോടി നഷ്ടപരിഹാരം

By Web TeamFirst Published Aug 14, 2018, 9:32 AM IST
Highlights

ഫ്ലൈ ദുബായിയുടെ FZ981 വിമാനം 2016 മാര്‍ച്ച് 19നാണ് റഷ്യയില്‍ തകര്‍ന്നത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ലാന്റ് ചെയ്യാന്‍ ശ്രമിക്കവെയായിരുന്നു അപകടം. 55 യാത്രക്കാരും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 62 പേരാണ് അന്ന് മരിച്ചത്. ഏഴ് കോടിയോളം ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് റഷ്യന്‍ ദമ്പതികളുടെ മക്കള്‍ ഹര്‍ജി നല്‍കിയത്. 

ദുബായ്: വിമാനാപകടത്തില്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എട്ട് ലക്ഷം ദിര്‍ഹം (ഏകദേശം ഒന്നര കോടി ഇന്ത്യന്‍ രൂപ) നഷ്ട പരിഹാരം നല്‍കാന്‍ വിധി. 2016ല്‍ റഷ്യയില്‍ വെച്ച് ഫ്ലൈ ദുബായ് വിമാനം തകര്‍ന്ന സംഭവത്തിലാണ് റഷ്യന്‍ ദമ്പതികളുടെ മക്കള്‍ ദുബായ് സിവില്‍ കോടതിയെ സമീപിച്ചത്.

എട്ട് ലക്ഷം ദിര്‍ഹത്തിന്റെ നഷ്ടപരിഹാരം കൂടാതെ നഷ്ടപരിഹാരത്തുക വൈകിയതിന് ഇക്കാലയളവില്‍ പ്രതിവര്‍ഷം ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 16 മാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടികള്‍ ദുബായ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ഫ്ലൈ ദുബായിയുടെ FZ981 വിമാനം 2016 മാര്‍ച്ച് 19നാണ് റഷ്യയില്‍ തകര്‍ന്നത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ലാന്റ് ചെയ്യാന്‍ ശ്രമിക്കവെയായിരുന്നു അപകടം. 55 യാത്രക്കാരും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 62 പേരാണ് അന്ന് മരിച്ചത്. ഏഴ് കോടിയോളം ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് റഷ്യന്‍ ദമ്പതികളുടെ മക്കള്‍ ഹര്‍ജി നല്‍കിയത്. വിധിയുടെ പൂര്‍ണ്ണരൂപം ലഭിച്ചശേഷം അപ്പീല്‍ നല്‍കുമെന്ന് ഇവരുടെ അഭിഭാഷകര്‍ പറഞ്ഞു.

നിയമപ്രകാരം നല്‍കാനുള്ള എല്ലാ നഷ്ടപരിഹാരവും നല്‍കുമെന്ന് പറ‍ഞ്ഞ ഫ്ലൈ ദുബായ് അധികൃതര്‍ കോടതിക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അറിയിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിഷമം മനസിലാക്കുന്നുവെന്നും അവര്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം ഫ്ലൈ ദുബായ് അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.

click me!