എത്തിയത് രണ്ട് കാര്‍ഗോ, പെട്ടിയില്‍ സവാള, ഉദ്യോഗസ്ഥര്‍ക്ക് സംശയം; എക്‌സ്റേ പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവ്

By Web TeamFirst Published Mar 1, 2024, 12:43 PM IST
Highlights

രണ്ട് കാര്‍ഗോകളിലായാണ് കഞ്ചാവ് കടത്തിയത്. ആദ്യത്തെ കാര്‍ഗോയില്‍ നിന്ന് 14.85 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ കാര്‍ഗോയില്‍ നിന്ന് 11.6 കിലോഗ്രാം കഞ്ചാവും പിടികൂടി.

ദുബൈ: സവാള കയറ്റിയ ഷിപ്പ്‌മെന്റില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത് വന്‍ കഞ്ചാവ് ശേഖരം. സവാള കയറ്റുമതിയുടെ മറവിലാണ് കഞ്ചാവ് കടത്തിയത്. എന്നാല്‍ വിശദ പരിശോധന നടത്തിയ ദുബൈ കസ്റ്റംസ് അധികൃതര്‍ കഞ്ചാവ് പിടികൂടുകയായിരുന്നു. 

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 26.45 കിലോ കഞ്ചാവാണ് പിടികൂടിയത്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നാണ് കാര്‍ഗോയെത്തിയത്. രണ്ട് കാര്‍ഗോകളിലായാണ് കഞ്ചാവ് കടത്തിയത്. ആദ്യത്തെ കാര്‍ഗോയില്‍ നിന്ന് 14.85 കിലോഗ്രാം കഞ്ചാവും രണ്ടാമത്തെ കാര്‍ഗോയില്‍ നിന്ന് 11.6 കിലോഗ്രാം കഞ്ചാവും പിടികൂടി. സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്. ദുബൈ പൊലീസുമായി സഹകരിച്ചാണ് പരിശോധന നടത്തിയതെന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു.

Read Also -  ഈ വർഷത്തെ റമദാൻ വ്രതാരംഭം എന്നു മുതല്‍? അറിയിച്ച് ഇൻറർനാഷനൽ അസ്ട്രോണമി സെന്‍റര്‍

ആദ്യ കാര്‍ഗോയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. പെട്ടിക്ക് മുകളില്‍ ചുവന്ന ഉള്ളി എന്നായിരുന്നു രേഖപ്പെടുത്തിയത്. സംശയം തോന്നിയതോടെ എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 14.85 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം അതേ രാജ്യത്ത് നിന്ന് ഇതേ ലബലില്‍ മറ്റൊരു കാര്‍ഗോ കൂടി എത്തി. എന്നാല്‍ കയറ്റുമതി ചെയ്ത കമ്പനിയുടെ പേര് വ്യത്യസ്തമായിരുന്നു. ഉദ്യോഗസ്ഥര്‍ കാര്‍ഗോ എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 11.6 കിലോ ലഹരിവസ്തു കണ്ടെത്തിയത്. ഈ മാസം ആദ്യം ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 6.5 കിലോ ഹാഷിഷ് പിടികൂടിയിരുന്നു. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് കണ്ടെത്തിയത്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!