ഹജ്ജ് യാത്രികർക്കായി ദുബായിൽ ബോധവത്കരണ പദ്ധതിക്ക് തുടക്കം

By Web TeamFirst Published Jun 13, 2019, 12:32 AM IST
Highlights

ലോകാരോഗ്യ സംഘടന നൽകുന്ന നിർദേശപ്രകാരം ഹജ്ജ് യാത്രയ്ക്ക് 15 ദിവസം മുൻപ് ഇൻഫ്ളുവൻസ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് മന്ത്രാലയം പ്രതിരോധ കുത്തിവെപ്പ് വിഭാഗം മേധാവി പറഞ്ഞു

ദുബായ്: ഹജ്ജ് യാത്രികർക്കായി ദുബായ് ആരോഗ്യ മന്ത്രാലയം ബോധവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ ഹജ്ജ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ചായിരിക്കും വിശദീകരിക്കുക. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വകുപ്പ് ഡയറക്ടർമാർ, ഡോക്ടർമാർ, നഴ്‌സിങ് ജീവനക്കാർ എന്നിവരെയെല്ലാം പങ്കാളികളാക്കിക്കൊണ്ടാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. 

പകർച്ചവ്യാധികളും അണുബാധകളും തടയുന്നതിനുള്ള വാക്‌സിനെക്കുറിച്ചും ഗുരുതരമായ അസുഖങ്ങളുള്ളവർ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസുകള്‍ വിശദീകരിച്ചു. ഹജ്ജ് യാത്രികർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രാലയം ഹജ്ജ് മെഡിക്കൽ മിഷൻ മേധാവി ഡോ. അബ്ദുൽ കരീം അൽ സറൂണി അറിയിച്ചു. ലോകാരോഗ്യ സംഘടന നൽകുന്ന നിർദേശപ്രകാരം ഹജ്ജ് യാത്രയ്ക്ക് 15 ദിവസം മുൻപ് ഇൻഫ്ളുവൻസ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് മന്ത്രാലയം പ്രതിരോധ കുത്തിവെപ്പ് വിഭാഗം മേധാവി പറഞ്ഞു. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ ന്യൂമോണിയ വാക്സിനെടുക്കണം. കൂടുതൽ സമയം വെയിൽകൊള്ളുന്നത്, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് എന്നിവയെല്ലാം ഹജ്ജ് യാത്രയെ ബാധിക്കുന്ന കാര്യങ്ങളാണ്. പ്രായമേറെയുള്ളവർ തനിച്ചുള്ള യാത്ര ഒഴിവാക്കി ആളുകൾക്കൊപ്പം പോകാൻ തയ്യാറാവണം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകളിലൂടെയും സാമൂഹിക മാധ്യമങ്ങൾ വഴിയും ബോധവത്കരണം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

click me!