വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇ ടൂറിസ്റ്റ് വിസയുമായി സൗദി

By Web TeamFirst Published Jun 12, 2019, 12:30 AM IST
Highlights


40 ദിവസം നീളുന്ന ജിദ്ദ ഫെസ്റ്റിവലിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ് എടുത്തിരിക്കണം എന്നതാണ് ഇ-ടൂറിസ്റ്റ് വീസയ്ക്കുള്ള ഏക നിബന്ധന. 


സൗദി അറേബ്യ: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ഇ ടൂറിസ്റ്റ് വിസ അനുവദിക്കുന്നു. 40 ദിവസം നീളുന്ന ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3 മിനിറ്റിനകം വീസ നൽകുമെന്ന് അധികൃതർ അറിയിച്ചു. 

40 ദിവസം നീളുന്ന ജിദ്ദ ഫെസ്റ്റിവലിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ് എടുത്തിരിക്കണം എന്നതാണ് ഇ-ടൂറിസ്റ്റ് വീസയ്ക്കുള്ള ഏക നിബന്ധന. പുതിയ തീരുമാനം സൗദിയുടെ വിനോദസഞ്ചാരത്തിനും ജിദ്ദ സീസൺ ഫെസ്റ്റിവലിനും നേട്ടമാകുമെന്ന് ജിദ്ദ സീസൺ ഫെസ്റ്റിവൽ ജനറൽ സൂപ്പർവൈസർ റാഇദ് അബു സിനദ പറഞ്ഞു. 

എണ്ണയിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനാണു ടൂറിസം വീസ നിയമങ്ങൾ ഉദാരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവത്തിനുള്ള ടിക്കറ്റ് ഓൺലൈനിലൂടെ വാങ്ങുന്നതിനോടനുബന്ധിച്ച് തന്നെ ടൂറിസ്റ്റ് വിസ അപേക്ഷയ്ക്കുള്ള ലിങ്കും ലഭിക്കും. വിസ ആവശ്യമുള്ളയാളുടെ പേരും മേൽവിലാസവും നൽകിയാൽ നിമിഷങ്ങൾക്കകം വിസ ലഭിക്കുന്നതാണ് പദ്ധതി.

പുതിയ തീരുമാനത്തിലൂടെ ജിദ്ദയിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ആരംഭിച്ച ഉത്സവം ജൂലൈ 18 വരെ നീണ്ടുനിൽക്കും. കുടുംബസമേതം പങ്കെടുക്കാവുന്ന കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മീൻപിടിത്തവും മുത്തുവാരലും അടക്കം സ്വദേശികളുടെ പരമ്പരാഗത ജീവിത രീതിയെ ആവിഷ്കരിക്കുന്ന പരിപാടികളുമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. 
 

click me!