സ്‌പോണ്‍സറുടെ വീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പ്രവാസി വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ

By Web TeamFirst Published Nov 27, 2020, 3:36 PM IST
Highlights

വീട്ടുജോലിക്കാരിയായ യുവതി വസ്ത്രത്തിനുള്ളിലാണ് ഫോണ്‍ ഒളിപ്പിച്ചത്. ഉടമസ്ഥര്‍ അറിയാതെ വീട്ടിലെ കുട്ടികളുടെ ദൃശ്യങ്ങളും വീടിന്റെ ചിത്രങ്ങളും പകര്‍ത്തിയ ശേഷം മറ്റുള്ളവര്‍ക്ക് വാട്‌സാപ്പ് വഴി അയച്ചുനല്‍കുകയായിരുന്നു.

ദുബൈ: സ്‌പോണ്‍സറുടെ വീട്ടിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത വിദേശി വീട്ടുജോലിക്കാരിക്ക് ദുബൈയില്‍ ആറുമാസം ജയില്‍ശിക്ഷ. ഫോണ്‍ തിരികെ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും ശേഷം ആത്മഹത്യ ചെയ്യുമെന്നും യുവതി സ്വദേശി വീട്ടുമസ്ഥയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

അനുവാദമില്ലാതെ പകര്‍ത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെത്തുന്നതിനായി എമിറാത്തി വീട്ടുടമസ്ഥ യുവതിയുടെ ഫോണ്‍ കൈവശപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മഡഗാസ്‌കര്‍ സ്വദേശിയായ 27 വയസ്സുള്ള വീട്ടുജോലിക്കാരി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഫോണ്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് വീട്ടുടമസ്ഥ പറഞ്ഞു. ഇതോടെ ഇവര്‍ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

വീട്ടുജോലിക്കാരിയായ യുവതി വസ്ത്രത്തിനുള്ളിലാണ് ഫോണ്‍ ഒളിപ്പിച്ചിരുന്നത്. ഉടമസ്ഥര്‍ അറിയാതെ വീട്ടിലെ കുട്ടികളുടെ ദൃശ്യങ്ങളും വീടിന്റെ ചിത്രങ്ങളും പകര്‍ത്തിയ ശേഷം മറ്റുള്ളവര്‍ക്ക് വാട്‌സാപ്പ് വഴി അയച്ചുനല്‍കുകയായിരുന്നെന്ന് വീട്ടുമസ്ഥ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല വീടിനുള്ളില്‍ അപരിചിതരായ ആളുകളോടൊപ്പം യുവതി നില്‍ക്കുന്ന ചിത്രങ്ങളും ഫോണില്‍ കണ്ടെത്തിയതായി ഇവര്‍ പൊലീസിനോട് പറഞ്ഞു.

അല്‍ ബര്‍ഷയിലെ വില്ലയില്‍ 15 മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ജോലിക്കെത്തിയത്. വീട്ടുടമസ്ഥ വിവരം അറിയിച്ചപ്പോള്‍ സംഭവസ്ഥലത്ത് എത്തിയ പൊലീസ് വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി കുറ്റസമ്മതം നടത്തി.

 ഭീഷണിപ്പെടുത്തുക, അപരിചിതര്‍ക്ക് വീടിനുള്ളിലേക്ക് കയറാന്‍ അനുവാദം നല്‍കുക, ഫോണുപയോഗിച്ച് കുടുംബത്തിന്റെ സ്വകാര്യതയില്‍ കടന്നുകയറി വീഡിയോയും ചിത്രങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ യുവതിക്കെതിരെ ചുമത്തിയത്.
 

 
 

click me!