
ദുബായ്: വ്യാജ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റ് നിർമ്മിച്ച് ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിവരങ്ങൾ ചോർത്തി പണം തട്ടിയ ആറംഗ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തങ്ങൾ അറിയാതെ പണം പിൻവലിക്കപ്പെട്ടതായി ഉപഭോക്താക്കളിൽ നിന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
‘അൺഎക്സ്പെക്റ്റഡ് ഡിഡക്ഷൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സംഘം ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ ചോർത്തി ഉപയോഗിച്ച് അനധികൃതമായി സാധനങ്ങൾ വാങ്ങുകയും പണം ഡിജിറ്റൽ വാലറ്റുകളിലേക്കും മറ്റ് അക്കൗണ്ടുകളിലേക്കും മാറ്റുകയുമായിരുന്നു ചെയ്തത്. കൂടാതെ, ചില കാർഡ് വിവരങ്ങൾ ചോർത്തി മറ്റ് തട്ടിപ്പുകാർക്ക് വിൽക്കുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.
കാര്യമായ ഇടപാടുകളൊന്നും നടത്താതെ തന്നെ അക്കൗണ്ടിൽ നിന്ന് വലിയ തുക നഷ്ടപ്പെട്ടെന്ന ഒരു സ്വകാര്യ കമ്പനി ജീവനക്കാരിയുടെ പരാതിയാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. വർഷങ്ങളായി കഷ്ടപ്പെട്ട് സമ്പാദിച്ച തുകയാണ് ഇത്തരത്തിൽ ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ടത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. സൈബർ നിരീക്ഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്, ഇവരുടെ താവളം വളഞ്ഞ് ആറുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരകളുടെ നിരവധി ബാങ്ക് കാർഡുകളും ചെക്ക് ബുക്കുകളും പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ നൽകുന്ന ഡിജിറ്റൽ വാലറ്റുകൾ ദുരുപയോഗം ചെയ്താണ് പ്രതികൾ തട്ടിയെടുക്കുന്ന പണം കൈമാറ്റം ചെയ്തിരുന്നത്. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുമ്പോൾ വെബ്‌സൈറ്റിന്റെ വിശ്വസനീയത ഉറപ്പുവരുത്തിയ ശേഷം മാത്രം ബാങ്ക് വിവരങ്ങൾ നൽകുകയെന്നും ബാങ്ക് അക്കൗണ്ട്, കാർഡ് വിവരങ്ങൾ, ഒ.ടി.പി എന്നിവ അപരിചിതരുമായോ വിശ്വസനീയമല്ലാത്ത പ്ലാറ്റ്‌ഫോമുകളുമായോ പങ്കുവെക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി. ബാങ്ക് അക്കൗണ്ടുകൾ നിരന്തരം നിരീക്ഷിക്കുകയും സംശയാസ്പദമായ ഇടപാടുകൾ കണ്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കിനെയും പൊലീസിനെയും അറിയിക്കുകയും വേണം. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ 901 എന്ന നമ്പറിലോ, 'പൊലീസ് ഐ' സർവീസ് വഴിയോ, ഇ ക്രൈം ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് മുഖേനയോ പരാതി നൽകാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam