
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളിൽ മഴയ്ക്കും കനത്ത മൂടൽമഞ്ഞിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതോടൊപ്പം താപനിലയിൽ കുറവ് രേഖപ്പെടുത്തും. പർവ്വത മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയർന്നേക്കാം.
ശനിയാഴ്ച തീരപ്രദേശങ്ങളിലും ദ്വീപുകളിലും 33 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് മുതൽ വരെയായിരിക്കും താപനില. ഉൾപ്രദേശങ്ങളിൽ 35 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില രേഖപ്പെടുത്തുക. പർവ്വത മേഖലകളിൽ താപനില 26 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഞായറാഴ്ച രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും ചില തീരദേശ-ഉൾനാടൻ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കി.മീ വരെ ഉയർന്നേക്കാം. തിങ്കളാഴ്ച വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴ തുടരും. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചമറയാൻ ഇടയുണ്ട്. ചൊവ്വാഴ്ച വടക്കൻ, കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത നിലനിൽക്കും. മഴമേഘങ്ങൾ രൂപപ്പെടുന്ന സമയങ്ങളിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. ബുധനാഴ്ച കിഴക്കൻ, വടക്കൻ മേഖലകളിൽ മഴമേഘങ്ങൾ തുടരും. വ്യാഴാഴ്ച പുലർച്ചെയോടെ പടിഞ്ഞാറൻ തീരദേശ മേഖലകളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ഈർപ്പം വർധിക്കുമെന്നും മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമോ മിതമായ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam