
ദുബൈ: ദുബൈയില്‍ അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു. ജബല്‍ അലിയിലായിരുന്നു സംഭവം. പരിക്കിനെ തുടര്‍ന്ന് പൊലീസുകാരന്റെ കാല്‍ മുറിച്ചുമാറ്റി. ആഡംബര കാര്‍ ഓടിച്ചിരുന്ന 30 വയസുകാരിയായ യുവതി ശിക്ഷാ ഇളവ് തേടി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം വെളിച്ചത്തുവന്നത്.
മാര്‍ച്ച് 21ന് ആയിരുന്നു അപകടം നടന്നതെന്ന് കോടതി രേഖകള്‍ പറയുന്നു. യുഎഇ സ്വദേശിനി ഓടിച്ച പോര്‍ഷെ കാറാണ് പൊലീസുകാരനെയും മറ്റൊരാളെയും ഇടിച്ചുവീഴ്‍ത്തിയത്. സംഭവദിവസം ഒരു കാര്‍ റോഡിന് നടുവില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് പൊലീസ് പട്രോള്‍ വാഹനം സ്ഥലത്തെത്തുകയായിരുന്നു. കേടായ വാഹനം റോഡിന്റെ ഒരു വശത്തേക്ക് ഉദ്യോഗസ്ഥര്‍ തള്ളിമാറ്റുന്നതിനിടെ അമിത വേഗതയിലെത്തിയ പോര്‍ഷെ കാറാണ് അപകടമുണ്ടാക്കിയത്.
പൊലീസ് വാഹനം സൈറന്‍ മുഴക്കുകയും ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും ചെയ്‍തിരുന്നുവെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കേടായ വാഹനത്തിലേക്ക് ആഡംബര കാര്‍ അമിത വേഗതയില്‍ ഇടിച്ചുകയറി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. കേടായ വാഹനത്തിലെ ഒരു യാത്രക്കാരനും പരിക്കുപറ്റി.
Read also: ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് വർദ്ധിപ്പിച്ചു
ആഡംബര കാറോടിച്ചിരുന്ന യുവതിയുടെ അശ്രദ്ധ മാത്രമാണ് അപകടത്തിന് കാരണമെന്ന് സംഭവം അന്വേഷിച്ച റോഡ് സുരക്ഷാ വിദഗ്ധന്‍ ദുബൈ ട്രാഫിക് കോടതിയില്‍ മൊഴി നല്‍കി. ജീവന്‍ അപകടത്തിലാക്കിയതിനും വസ്‍തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതിനുമാണ് യുവതിക്കെതിരെ ദുബൈ ട്രാഫിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണയ്ക്കൊടുവില്‍ കോടതി ഇവര്‍ക്ക് ഒരു മാസത്തെ ജയില്‍ ശിക്ഷയ്ക്കും മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‍പെന്റ് ചെയ്യാനും വിധിച്ചു.
എന്നാല്‍ ഈ വിധി യുവതിയുടെ അസാന്നിദ്ധ്യത്തിലായിരുന്നതിനാല്‍ കേസില്‍ വീണ്ടും വിചാരണ നടത്താന്‍ അവര്‍ക്ക് അനുമതി ലഭിച്ചു. കോടതിയില്‍ കുറ്റങ്ങള്‍ സമ്മതിച്ച യുവതി, ദയാദാക്ഷിണ്യത്തിന് അപേക്ഷിച്ചു. ഇത് പരിഗണിച്ച് ജയില്‍ ശിക്ഷ ഒഴിവാക്കി പകരം 10,000 ദിര്‍ഹം പിഴ മാത്രമാക്കി ശിക്ഷ ലഘൂകരിക്കുകയായിരുന്നു.
കുറ്റങ്ങള്‍ പരിഗണിച്ച് നിയമപരമായി ശിക്ഷയ്ക്ക് യുവതി അര്‍ഹയാണെങ്കിലും ദയാദാക്ഷിണ്യം കാണിക്കുകയാണെന്നും ശിക്ഷ 10,000 ദിര്‍ഹം പിഴ മാത്രമായി ലഘൂകരിക്കുകയാണെന്നുമാണ് കോടതി വിധിയിലുണ്ടായിരുന്നത്. അതേസമയം ശിക്ഷ കുറച്ചതിനെതിരെ പ്രോസിക്യൂഷന്‍ ഇതിനോടകം അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിന്മേല്‍ ഏതാനും ദിവസങ്ങള്‍ക്കകം വാദം നടക്കും.
Read also: ദുബൈയിലെ സാലിക് ഓഹരികള്‍ക്ക് മികച്ച പ്രതികരണം; വാങ്ങാനെത്തെത്തിയത് 49 ഇരട്ടി ആളുകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam