വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിച്ചു. കൊച്ചിയിലേക്കടക്കം സർവീസ് ഇന്ന് മുതൽ 11 വരെ പ്രത്യേക വ്യോമപാതകൾ വഴി നടത്തും. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യമിടുന്നു.  

ദോഹ: മേഖലയിൽ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മാർച്ച് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പരിമിതമായ സർവീസുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് അധികൃതർ അറിയിച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രത്യേക അനുമതി പ്രകാരമാണ് ഈ നടപടി. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക വ്യോമപാതകൾ വഴിയാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിലെ വിമാന സർവീസുകളിലെ തടസ്സം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനും, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും ഒത്തുചേരാൻ അവരെ സഹായിക്കുന്നതിനുമായാണ് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നതെന്ന് ഖത്തർ എയർവേസ് അധികൃതർ വ്യക്തമാക്കി. മാർച്ച് 9-ന് ദോഹയിൽ നിന്നും സിയോൾ, മോസ്കോ, ലണ്ടൻ ഹീത്രോ, ന്യൂഡൽഹി, മാഡ്രിഡ്, ഇസ്ലാമാബാദ്, ബീജിംഗ്, പെർത്ത്, നെയ്‌റോബി എന്നീ നഗരങ്ങളിലേക്കാണ് സർവീസുകൾ. മാർച്ച് 10-ന് ദോഹയിൽ നിന്നും കൊച്ചി, മുംബൈ, ന്യൂഡൽഹി, കെയ്‌റോ, ലണ്ടൻ ഹീത്രോ, ജിദ്ദ, മനില, മസ്‌കറ്റ്, ഇസ്താംബുൾ, നെയ്‌റോബി, ഇസ്ലാമാബാദ്, മാഡ്രിഡ്, ഫ്രാങ്ക്ഫർട്ട്, കൊളംബോ, മിലാൻ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് നടത്തും. തിരികെ ദോഹയിലേക്കുള്ള ഈ വിമാനങ്ങളുടെ സർവീസുകൾ ഒരു ദിവസം കഴിഞ്ഞ് മാർച്ച് 10, 11 തീയതികളിൽ ആയിരിക്കും.

സാധാരണ വാണിജ്യ സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചിട്ടില്ലെന്നും, നിലവിൽ പ്രഖ്യാപിച്ച വിമാനങ്ങൾ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ളതാണെന്നും ഖത്തർ എയർവേയ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിമാനങ്ങളിൽ ടിക്കറ്റുകൾ ഉറപ്പാക്കിയവർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ് അധികൃതരുടെ നിർദ്ദേശം. യാത്രക്കാർക്ക് അവരുടെ യാത്ര മാറ്റിവെക്കാനോ (14 ദിവസത്തിനുള്ളിൽ) അല്ലെങ്കിൽ ടിക്കറ്റ് തുക തിരികെ വാങ്ങാനോ അവസരമുണ്ടായിരിക്കും.

നേരെത്തെ, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ മാതൃരാജ്യങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിനായി മാർച്ച് 8 ന് ആംസ്റ്റർഡാം, ബെർലിൻ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, സൂറിച്ച് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് പ്രത്യേക വിമാന സർവീസുകൾ നടത്തിയിരുന്നു. കുടുംബങ്ങളുള്ള ഒറ്റപ്പെട്ട യാത്രക്കാർ, പ്രായമായ യാത്രക്കാർ, അടിയന്തിര മെഡിക്കൽ ആവശ്യങ്ങളുള്ളവർ എന്നിവർക്ക്‌ മുൻഗണന നൽകിക്കൊണ്ടായിരുന്നു സർവീസ്. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് മാർച്ച് 9-ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.