
ദുബൈ: ദുബൈ പൊലീസിലെ ആദ്യത്തെ വനിതാ ബ്രിഗേഡിയര്‍ ആയി മാറി ചരിത്രം കുറിച്ച് കേണൽ സമീറ അബ്ദുല്ല അല്‍ അലി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ സ്ഥാനക്കയറ്റം.
1956ല്‍ ദുബൈ പൊലീസ് സേനയുടെ രൂപീകരണം മുതലുള്ള ചരിത്രത്തിലെ ആദ്യത്തെ വനിതാ ബ്രിഗേഡിയര്‍ ആണ് സമീറ അബ്ദുല്ല അല്‍ അലി. 1994ലാണ് സമീറ അലി ദുബൈ പൊലീസിന്‍റെ ഭാഗമാകുന്നത്. നിലവില്‍ സേനയുടെ ഇന്‍ഷുറന്‍സ് വിഭാഗം മേധാവിയാണ്. 31 വര്‍ഷം നീണ്ട കരിയറില്‍ നേട്ടങ്ങളുടെയും നേതൃത്വപാടവത്തിന്‍റെയും അസാധാരണമായ മികവാണ് സമീറ അലി കൈവരിച്ചതെന്ന് ദുബൈ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റെസ്ക്യൂവില്‍ പുരുഷ ടീമിനെ നയിക്കുന്ന ആദ്യത്തെ വനിത കൂടിയാണ് അവര്‍.
യുഎഇ സര്‍വകലാശാലയില്‍ നിന്ന് ഇന്‍ഷുറന്‍സില്‍ ബിരുദം നേടിയ ശേഷമാണ് സമീറ അലി ദുബൈ പൊലീസില്‍ ചേര്‍ന്നത്. മികച്ച വനിതാ ജീവനക്കാരിക്കുള്ള 2022ലെ എമിറേറ്റ്സ് വനിതാ അവാര്‍ഡ്, ദുബൈ പൊലീസിന്‍റെ കമാന്‍ഡര്‍ ഇന്‍ ചീഫ് എക്സലന്‍സ് അവാര്‍ഡ്, സുരക്ഷിത ഡ്രൈവിങ് സംരംഭങ്ങള്‍ക്കുള്ള സെവന്‍ സ്റ്റാര്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികളും സമീറ അലി സ്വന്തമാക്കിയിട്ടുണ്ട്. സര്‍ട്ടിഫൈഡ് ട്രെയിനറും ഒന്നിലധികം ദേശീയ കമ്മറ്റികളില്‍ അംഗവുമാണ് സമീറ അലി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ