ജോലി നഷ്‍ടമാകുമെന്ന് ഭയന്ന് ദുബൈയില്‍ പ്രവാസിയുടെ ആത്മഹത്യാ ഭീഷണി; അനുനയിപ്പിച്ച് താഴെയിറക്കി പൊലീസ്

By Web TeamFirst Published May 7, 2021, 2:18 PM IST
Highlights

തന്റെ ജോലി നഷ്‍ടമാകുമെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ യുവാവിനോട് പറഞ്ഞതാണ് ഇയാളെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയത്. ജോലി നഷ്ടപ്പെട്ടാല്‍ തനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശമില്ലെന്ന് പ്രഖ്യാപിച്ച ശേഷം കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. 

ദുബൈ: കൈ ഞരമ്പ് മുറിച്ച ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയ പ്രവാസിയെ പൊലീസ് സംഘം അനുനയിപ്പിച്ച് താഴെയിറക്കി. ജോലി നഷ്‍ടപ്പെടുമെന്ന ഭയം കാരണമാണ് 27കാരനായ യുവാവ് അല്‍ വര്‍സാനില്‍ വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് അല്‍ റാഷിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് ബിന്‍ സുലൈമാന്‍ പറഞ്ഞു.

തന്റെ ജോലി നഷ്‍ടമാകുമെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ യുവാവിനോട് പറഞ്ഞതാണ് ഇയാളെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയത്. ജോലി നഷ്ടപ്പെട്ടാല്‍ തനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശമില്ലെന്ന് പ്രഖ്യാപിച്ച ശേഷം കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പൊലീസ് സംഘവും ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

യുവാവ് മദ്യപിക്കുകയും കെട്ടിടത്തിലെ മേല്‍ക്കൂരയില്‍ കയറി താഴേക്ക് ചാടാന്‍ തയ്യാറായി ഇരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കൈയിലെ ഞരമ്പ് മുറിച്ചത്. ദുബൈ പൊലീസിലെ പ്രത്യേക സംഘം ഉടന്‍ സ്ഥലത്തെത്തി യുവാവുമായി സംസാരിച്ച് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെത്തന്നെ, ഇയാള്‍ താഴേക്ക് ചാടിയാല്‍ അപകടം ഒഴിവാക്കാനായി മറ്റൊരു സംഘം താഴെ സേഫ്റ്റി നെറ്റ് സ്ഥാപിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട അനുനയത്തിനൊടുവിലാണ് യുവാവിനെ പിന്തിരിപ്പിക്കാന്‍ പൊലീസിന് സാധിച്ചത്.

യുവാവ് ജോലി ചെയ്‍തിരുന്ന കമ്പനിയുടെ ഉടമയെ പൊലീസ് ബന്ധപ്പെടുകയും സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഇയാളെ പിരിച്ചുവിടാന്‍ ഒരു തീരുമാനവുമില്ലെന്ന് കമ്പനി ഉടമയും അറിയിച്ചു. ഇതേസമയം തന്നെ രക്ഷാപ്രവര്‍ത്തക സംഘത്തിന് യുവാവിനെ പിടികൂടാനും സാധിച്ചുവെന്ന് പൊലീസ് ഡയറക്ടര്‍ അറിയിച്ചു.

യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്‍തു. കെട്ടിടത്തിലെ എ.സിയില്‍ അറ്റകുറ്റപ്പണികള്‍ നടത്താനായാണ് റൂഫ് ടോപ്പിലേക്കുള്ള ഡോര്‍ തുറന്നിട്ടിരുന്നത്. ഇത് വഴിയാണ് ഇയാള്‍ മുകളിലേക്ക് പ്രവേശിച്ചത്. പൊലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗങ്ങളില്‍ നിന്നായി അന്‍പതോളം ഉദ്യോഗസ്ഥരാണ് ആത്മഹത്യ തടയാനായി സ്ഥലത്തെത്തിയിരുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!