
ദുബൈ: മാനസികനില തകരാറിലായ സ്ത്രീ ഒറ്റയ്ക്ക് വീട്ടിലുപേക്ഷിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ഏഷ്യന്‍ വംശജനായ യുവാവിന്‍റെ ഒരു വയസ്സുള്ള ആണ്‍കുഞ്ഞിനെയാണ് വീട്ടിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട വിവരം അയല്‍വാസിയാണ് അല്‍ മുറാഖാബാത് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ ഒറ്റയ്ക്ക് വീട്ടില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. കുഞ്ഞ് നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് കുഞ്ഞിനെ ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനിലെത്തിച്ചു. പിന്നീട് മാതാവിനായി തെരച്ചില്‍ നടത്തി. ഇവരുടെ താമസസ്ഥലത്തിന് അടുത്തുള്ള തെരുവില്‍ നിന്ന് കുഞ്ഞിന്റെ മാതാവായ യുവതിയെ കണ്ടെത്തി. വിക്ടിം സപ്പോര്‍ട്ട് പ്രോഗ്രാമിലെ വനിതാ ഉദ്യോഗസ്ഥര്‍ യുവതിയെ ശാന്തയാക്കിയ ശേഷം ഇവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ വൈദ്യസഹായം നല്‍കി.
യുവതിയുടെ ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോയതാണ്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടതോടെ ഇയാള്‍ക്ക് തിരികെ വീട്ടിലെത്താന്‍ സാധിച്ചില്ല. വിദേശത്ത് കുടുങ്ങിയ ഭര്‍ത്താവുമായി യുവതി കുറച്ച് മാസങ്ങള്‍ സംസാരിച്ചിരുന്നെങ്കിലും പിന്നീട് അതിന് സാധിച്ചില്ല. ഭര്‍ത്താവുമായി സംസാരിക്കാന്‍ കഴിയാതെ കുഞ്ഞുമായി വീട്ടില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന സാഹചര്യവും ഭയവും താങ്ങാനായില്ലെന്നും അതുകൊണ്ടാണ് വീടുപേക്ഷിച്ച് തെരുവില്‍ അലഞ്ഞുതിരിഞ്ഞതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
യുവതിയോട് ചോദിച്ച് ഇവരുടെ ഭര്‍ത്താവിന്റെ വിവരങ്ങള്‍ മനസ്സിലാക്കിയ ദുബൈ പൊലീസ്, അദ്ദേഹം താമസിക്കുന്ന രാജ്യത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്ക് യുഎഇയിലേക്ക് മടങ്ങാനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചു. ഇതിന് വേണ്ട ചെലവും വഹിച്ചു. മൂന്ന് മാസമെടുത്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. യുവാവിനെ നാട്ടിലെത്തിക്കുന്നത് വരെ എല്ലാ സഹായവും നല്‍കിയ ദുബൈ പൊലീസ് ഒടുവില്‍ ആ കുടുംബത്തെ വീണ്ടും ഒന്നിപ്പിച്ചു. ഭര്‍ത്താവിനെ നാട്ടിലെത്തിച്ചതിനും കുഞ്ഞിനെ രക്ഷിച്ചതിനും യുവതിയുടെ കുടുംബം പൊലീസിന് നന്ദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ