കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പ്രവാസി; രക്ഷപ്പെടുത്തി പൊലീസ്

By Web TeamFirst Published Apr 1, 2021, 11:23 PM IST
Highlights

അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കുകയായിരുന്നു ഏഷ്യക്കാരനായ തൊഴിലാളി. ഇയാളുടെ കയ്യില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകുന്നുണ്ടായിരുന്നു. 

ദുബൈ: കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനാണ് ഏഷ്യന്‍ വംശജനായ തൊഴിലാളി ശ്രമിച്ചത്. 

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ദുബൈ പൊലീസ് 30കാരനായ തൊഴിലാളിയെ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് അനുനയിപ്പിച്ച് ലക്ഷ്യത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സ് സംഘവും അല്‍ വര്‍സാനിലെ സംഭവ സ്ഥലത്തെത്തിയതെന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് ഹമദ് ബിന്‍ സുലൈമാന്‍ പറഞ്ഞു. 

അഞ്ചു നിലകളുള്ള  കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കുകയായിരുന്നു ഏഷ്യക്കാരനായ തൊഴിലാളി. ഇയാളുടെ കയ്യില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകുന്നുണ്ടായിരുന്നു. തൊഴിലാളിയെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പൊലീസ് ദിര്‍ഘനേരം ശ്രമിച്ചു. പൊലീസുമായി സംസാരിക്കുന്നതിനിടെ ഇയാള്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഇത് അവസരമാക്കി മാറ്റിയ പൊലീസ് വെള്ളം കൈമാറാനെത്തിയപ്പോള്‍ തൊഴിലാളിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഇയാളോട് സംസാരിക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് അറിയിക്കുകയുമായിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

ഒരു സ്വകാര്യ കമ്പനിയില്‍ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു ഏഷ്യക്കാരനായ യുവാവ്. എന്നാല്‍ ഒരു ജീവനക്കാരനെയും പിരിച്ചുവിടാന്‍ പദ്ധതിയില്ലെന്നും തൊഴിലാളിയുടെ ജീവന്‍ രക്ഷിച്ചതിന് ദുബൈ പൊലീസിനോട് നന്ദി ഉണ്ടെന്നും ഇയാള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ജനറല്‍ മാനേജര്‍ സാക റഹ്മാന്‍ പറഞ്ഞു. ഇനി ഒരിക്കലും ആത്മഹത്യയ്ക്ക് ശ്രമിക്കില്ലെന്ന് യുവാവ് ഉറപ്പ് നല്‍കി. തൊഴിലാളിയുടെ ജീവന്‍ രക്ഷിച്ച അല്‍ റാഷിദിയ പൊലീസിന് കമ്പനി പ്രശംസാപത്രം സമ്മാനിച്ചു.
 

click me!