കാണാതായ വാച്ച് ഒരു വര്‍ഷത്തിന് ശേഷം തിരികെയേല്‍പ്പിച്ച് യുവതിക്ക് ദുബൈ പൊലീസിന്റെ 'സര്‍പ്രൈസ്'

By Web TeamFirst Published Jan 7, 2023, 11:56 PM IST
Highlights

വാച്ച് നഷ്ടമായെന്ന് കാണിച്ച് ദുബൈ പൊലീസില്‍ ഇവര്‍ പരാതി പോലും നല്‍കിയിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ദുബൈയില്‍ തിരികെയെത്തിയപ്പോള്‍ ഇവരെ കണ്ടെത്തിയ ദുബൈ പൊലീസിലെ ലോസ്റ്റ് ആന്റ് ഫൗണ്ട് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ വാച്ച് തിരികെയേല്‍പ്പിച്ചു

ദുബൈ: ഒരു വര്‍ഷം മുമ്പ് കാണാതായ വിലയേറിയ വാച്ച് സുരക്ഷിതമായി തിരികെയേല്‍പ്പിച്ച് വിദേശിയെ ഞെട്ടിച്ചിരിക്കുകയാണ് ദുബൈ പൊലീസ്. കിര്‍ഗിസ്ഥാനില്‍ നിന്ന് ദുബൈ സന്ദര്‍ശിക്കാനെത്തിയ യുവതിക്കാണ് തന്റെ ജീവിതത്തിലെ തന്നെ മറക്കാനാവാത്ത അനുഭവം ദുബൈ പൊലീസ് സമ്മാനിച്ചത്. ഏതാണ്ട് 1,10,000 ദിര്‍ഹം വിലവരുന്ന (24 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വാച്ചാണ് നഷ്ടമായതെങ്കിലും എവിടെ വെച്ചാണ് അത് കൈവിട്ട് പോയതെന്ന് കൃത്യമായി അറിയാത്തതിനാല്‍ ഇനി ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് ഉടമയായ യുവതി ഏതാണ്ട് ഉറപ്പിച്ചിരുന്നു.

വാച്ച് നഷ്ടമായെന്ന് കാണിച്ച് ദുബൈ പൊലീസില്‍ ഇവര്‍ പരാതി പോലും നല്‍കിയിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ദുബൈയില്‍ തിരികെയെത്തിയപ്പോള്‍ ഇവരെ കണ്ടെത്തിയ ദുബൈ പൊലീസിലെ ലോസ്റ്റ് ആന്റ് ഫൗണ്ട് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ വാച്ച് തിരികെയേല്‍പ്പിച്ചു. യുവതി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലായിരുന്നു വാച്ച് വെച്ചുമറന്നതെന്ന് പൊലീസിന്റെ പക്കലുള്ള രേഖകള്‍ പറയുന്നു.

ദുബൈ യാത്രയ്ക്ക് ശേഷം നാട്ടില്‍ വെച്ച് ഒരു അപകടമുണ്ടായ സമയത്താണ് യുവതി വാച്ചിനെക്കുറിച്ച് ഓര്‍ത്തത്. അപകട സമയത്ത് വാച്ച് എവിടെയോ നഷ്ടപ്പെട്ടതായിരിക്കുമെന്നായിരുന്നു അവരുടെ വിചാരം. അതുകൊണ്ടുതന്നെ ദുബൈയില്‍ ആണ് ഇത് നഷ്ടമായതെന്ന ഒരു സംശയവും അവര്‍ക്ക് ഉണ്ടായിരുന്നതുമില്ല. അക്കാരണത്താല്‍ പരാതിയും നല്‍കിയില്ല.

ഹോട്ടല്‍ മുറിയില്‍ യുവതി മറന്നുവെച്ച വാച്ച് അവര്‍ പോയശേഷം ശ്രദ്ധയില്‍പെട്ട ഹോട്ടല്‍ ജീവനക്കാര്‍ അത് പൊലീസിന് കൈമാറി. ഇവരെ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഹോട്ടല്‍ രജിസ്ട്രേഷനിലെ നമ്പര്‍ ഒരു ട്രാവല്‍ ഏജന്‍സിയുടേതായിരുന്നു. വിശദമായ അന്വേഷണം നടത്തിയപ്പോള്‍ യുവതിയെ ബന്ധപ്പെടാനുള്ള വിവരങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങളും ലഭിച്ചുവെങ്കിലും അതിലൂടെ ഒന്നും അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിച്ചതുമില്ല. 

ഇതോടെ സംഭവത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ ശേഷം സാധനം പൊലീസ് തന്നെ സൂക്ഷിച്ചു. അടുത്തിടെ യുവതി തിരികെ ദുബൈയിലെത്തിയെന്ന് മനസിലാക്കിയപ്പോള്‍ അവരെ കണ്ടെത്തി വാച്ച് കൈമാറി. ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയിരുന്ന പ്രിയപ്പെട്ട വാച്ച് തിരികെ ലഭിച്ചതിന്റെ സന്തോഷത്തില്‍ യുവതി പൊലീസിന് നന്ദി അറിയിച്ചു.

Read also: കുവൈത്ത് കൊമേഴ്‍സ്യല്‍ ബാങ്ക് നറുക്കെടുപ്പില്‍ മലയാളിക്ക് 40 കോടി സമ്മാനം

click me!