കള്ളന്മാര്‍ സ്മാര്‍ട്ടാണെങ്കില്‍ അതുക്കും മേലെയാണ് ദുബായ് പൊലീസ്

By Web TeamFirst Published Oct 6, 2018, 8:37 PM IST
Highlights

പൊലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്ന 109 ക്രിമിനലുകളെയും വിവിധ കേസുകളില്‍ സംശയിച്ചിരുന്ന 441 പേരെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പിടികൂടിയെന്ന് പൊലീസ് ശനിയാഴ്ച അറിയിച്ചത്.  

ദുബായ്: പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്നവരടക്കം അഞ്ഞൂറിലധികം ക്രിമിനലുകളെ നിര്‍മ്മിത ബുദ്ധി ആധാരമാക്കി പ്രവര്‍ത്തിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പിടികൂടിയതായി ദുബായ് പൊലീസ് അറിയിച്ചു. ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളിലെ കണക്കാണിത്. ലോകത്ത് തന്നെ ഏറ്റവും ആധുനികമായ ഉപകരണങ്ങളും വാഹനങ്ങളുമാണ്  ദുബായ് പൊലീസ് കുറ്റാന്വേഷണത്തിനും സമാധാനം ഉറപ്പുവരുത്തുന്നതിനും ഉപയോഗിക്കുന്നത്.

പൊലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്ന 109 ക്രിമിനലുകളെയും വിവിധ കേസുകളില്‍ സംശയിച്ചിരുന്ന 441 പേരെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ പിടികൂടിയെന്ന് പൊലീസ് ശനിയാഴ്ച അറിയിച്ചത്.  വ്യക്തികളുടെ മുഖവും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും തിരിച്ചറിയുന്ന അത്യാധുനിക ക്യാമറകള്‍ അടക്കമുള്ള സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. രാജ്യത്ത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലെ കുറ്റകൃത്യങ്ങള്‍ ഇത്തരത്തിലൂള്ള സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ വലിയ തോതില്‍ നിയന്ത്രിക്കാനായി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 25 കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സ്മാര്‍ട്ട് സാങ്കേതിക വിദ്യ കൂടുതല്‍ സഹായകമായെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ഏറ്റവും സുരക്ഷിതമായ നഗരമൊരുക്കാനായി തങ്ങള്‍ കര്‍ശന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

click me!