ദുബായില്‍ ഫ്ലാറ്റില്‍ വെച്ച് സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍

By Web TeamFirst Published Oct 6, 2018, 7:12 PM IST
Highlights

തന്നെക്കുറിച്ച് ഭര്‍ത്താവിനോട് പരാതിപ്പെട്ടാലും ഭര്‍ത്താവ് അത് വിശ്വസിക്കില്ലെന്നും പ്രതി യുവതിയോട് പറഞ്ഞു. യുവതിയാണ് ലൈംഗിക ബന്ധത്തിന് താല്‍പര്യം പ്രകടിപ്പിച്ചതെന്ന് താന്‍ ഭര്‍ത്താവിനോട് പറയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

ദുബായ്: തന്റെ അടുത്ത സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് ചില ആവശ്യങ്ങള്‍ക്കായി പുറത്തുപോയപ്പോഴായിരുന്നു ഭാര്യയുടെ നേരെ ഇയാളുടെ അതിക്രമം. പുറത്തുപറഞ്ഞാല്‍ വിവാഹമോചനം ഉള്‍പ്പെടെയുള്ളവ നേരിടേണ്ടിവരുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

ദുബായില്‍ ബിസിനസ് നടത്തിവരുന്ന 37കാരനായ അഫ്ഗാന്‍ പൗരനാണ് പ്രതി. 22 വയസുള്ള പാകിസ്ഥാനി യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവും പ്രതിയും ബിസിനസ് പങ്കാളികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇതിനിടെയാണ് സന്ദര്‍ശക വിസയില്‍ യുവതിയും ദുബായിലെത്തിയത്. സംഭവ ദിവസം ഇരുവരും ചേര്‍ന്ന് വൈകുന്നേരം ആറ് മണിയോടെ പ്രതിയുടെ ഫ്ലാറ്റിലെത്തി. ഏറെനേരം സംസാരിച്ചിരുന്ന ശേഷം ഭക്ഷണം കഴിച്ചു. തുടര്‍ന്ന് ചില ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവിന് പുറത്തേക്ക് പോകേണ്ടിവന്നു.

ഭര്‍ത്താവ് പോയതോടെ വീടിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം അപമര്യാദയായി സ്പര്‍ശിക്കാന്‍ തുടങ്ങി. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. ഇത് വിസമ്മതിച്ചതോടെ യുവതിയെ ബലമായി പിടിച്ചുവെച്ച് ബലാത്സംഗം ചെയ്തു. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണിതിരുകി. മുഖത്ത് ഉള്‍പ്പെടെ ശരീരം മുഴുവന്‍ മര്‍ദ്ദിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വീടിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം താക്കോല്‍ ഇയാള്‍ മാറ്റിവെച്ചിരുന്നു. പീഡിപ്പിച്ച് കഴിഞ്ഞ ശേഷം സംഭവം ഭര്‍ത്താവ് അറിയരുതെന്ന് ഭീഷണിപ്പെടുത്തി. അറിഞ്ഞാല്‍ വിവാഹബന്ധം അതോടെ അവസാനിക്കുമെന്നും പ്രതി പറഞ്ഞു. തന്നെക്കുറിച്ച് ഭര്‍ത്താവിനോട് പരാതിപ്പെട്ടാലും ഭര്‍ത്താവ് അത് വിശ്വസിക്കില്ലെന്നും പ്രതി യുവതിയോട് പറഞ്ഞു. യുവതിയാണ് ലൈംഗിക ബന്ധത്തിന് താല്‍പര്യം പ്രകടിപ്പിച്ചതെന്ന് താന്‍ ഭര്‍ത്താവിനോട് പറയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

രാത്രി ഒരു മണിയോടെ ഭര്‍ത്താവ് തിരിച്ചെത്തിയെങ്കിലും അഞ്ച് ദിവസത്തോളം യുവതി ഭര്‍ത്താവിനോട് ഇക്കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. കണ്ണുകളിലെ നിറവ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാകിസ്ഥാനിലെ സഹോദരിയുമായി ഫോണില്‍ വഴക്കുണ്ടാക്കിയെന്നും ഏറെനേരം താന്‍ കരഞ്ഞുവെന്നുമാണ് മറുപടി പറഞ്ഞത്. പിന്നീട് പാകിസ്ഥാനിലുള്ള ബന്ധുവായ ഒരു സ്ത്രീയെ ഇവര്‍ വിവരം അറിയിക്കുകയും ഈ ബന്ധു ഭര്‍ത്താവിനോട് കാര്യം പറയുകയുമായിരുന്നു. തുടര്‍ന്നാണ് അല്‍ നായിഫ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഡിഎന്‍എ പരിശോധനയില്‍ പ്രതി യുവതിയെ ബലാത്സംഗം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. എന്നാല്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. കേസ് ഒക്ടോബര്‍ 18ലേക്ക് മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍.

click me!