ദുബൈയില്‍ ഇന്ത്യന്‍ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പാക് സ്വദേശിയായ പ്രതി കോടതിയില്‍

By Web TeamFirst Published Oct 22, 2020, 7:26 PM IST
Highlights

ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ പലതവണ കുത്തിയാണ് പ്രതി ഇരുവരുടെയും മരണം ഉറപ്പാക്കിയത്. ഭര്‍ത്താവിനെ 10 തവണയും ഭാര്യയെ 14 തവണയും കുത്തിയാണ് പ്രതി കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലിവിളി കേട്ട് ഉറക്കമുണര്‍ന്ന 18കാരിയായ മകള്‍ മാതാപിതാക്കളുടെ മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

ദുബൈ: ദുബൈയില്‍ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാകിസ്ഥാന്‍ സ്വദേശിയെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഈ വര്‍ഷം ജൂണിലാണ് അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയില്‍ ദമ്പതികളെ കൊലപ്പെടുത്തിയത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

ഷാര്‍ജയില്‍ ബിസിനസ് നടത്തി വരികയായിരുന്ന ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ(40), വിധി ആദിയ എന്നിവരാണ് മരിച്ചത്. ദമ്പതികളെ കൊലപ്പെടുത്തുകയും ഇവരുടെ മകളെ കുത്തിപ്പരിക്കേല്‍പ്പിച്ച് മോഷണം നടത്തുകയും ചെയ്ത 24കാരനായ
 പ്രതിക്കെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകം, കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കുക, മോഷണം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 

ജൂണ്‍ 17ന് രാത്രിയാണ് മോഷണം ലക്ഷ്യമിട്ട് പ്രതി ഇന്ത്യന്‍ ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ ഇയാള്‍ ചെന്നിട്ടുണ്ട്. ദമ്പതികള്‍ക്കൊപ്പം 18ഉം 13ഉം വയസായ രണ്ട് മക്കളും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. വീട്ടിലുള്ള എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് മതിലിലൂടെ കയറി ബാല്‍ക്കണി വഴിയാണ് പ്രതി അകത്ത് പ്രവേശിച്ചത്. വീടിനകത്ത് കയറി ആദ്യത്തെ പരിശോധനയില്‍ 2000 ദിര്‍ഹമുള്ള പഴ്‌സ് കിട്ടി. തുടര്‍ന്ന് മുകളിലത്തെ നിലയിലുള്ള ദമ്പതികളുടെ മുറിയില്‍ കയറി വിലപിടിപ്പുള്ള വസ്തുക്കള്‍ തെരയുന്നതിനിടെ ഹിരണ്‍ ആദിയ ഉണര്‍ന്നു. 

ഇയാള്‍ ബഹളം വെച്ചതോടെ പ്രതി, കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ഹിരണിനെ കുത്തി ബഹളം കേട്ട് ഉണര്‍ന്ന ഭാര്യ വിധിയേയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ പലതവണ കുത്തിയാണ് പ്രതി ഇരുവരുടെയും മരണം ഉറപ്പാക്കിയത്. ഭര്‍ത്താവിനെ 10 തവണയും ഭാര്യയെ 14 തവണയും കുത്തിയാണ് പ്രതി കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലിവിളി കേട്ട് ഉറക്കമുണര്‍ന്ന 18കാരിയായ മകള്‍ മാതാപിതാക്കളുടെ മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ബഹളം വെച്ചതോടെ കുട്ടിയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതിനിടെ ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപെട്ടു. കുട്ടിയാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഉടന്‍ സ്ഥലത്തെത്തിയ പൊലീസ്, കുത്താനുപയോഗിച്ച കത്തി വീടിന് 1000 മീറ്റര്‍ അകലെ നിന്ന്  കണ്ടെടുത്തു. വ്യാപക തെരച്ചില്‍ നടത്തിയ പൊലീസ് സംഘം 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷണം ലക്ഷ്യമിട്ടാണ് വീട്ടില്‍ കയറിയതെന്ന് ഇയാള്‍ പറഞ്ഞു. കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള തീയതി വൈകാതെ ദുബൈ പ്രാഥമിക കോടതി നിശ്ചയിക്കും.
 

click me!